*വര്‍മക്കമ്മീഷനിലെ മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പാക്കണം
*ജനപ്രതിനിധികളുടെ നാവ് നിയന്ത്രിക്കാന്‍ നടപടിവേണം
വിശാഖപട്ടണം: സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പൊതുസ്ഥലത്ത് പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്. പെരുമാറ്റച്ചട്ടത്തില്‍ എന്തൊക്കെ വേണമെന്നും ഇത് ഏതുതരത്തില്‍ നടപ്പാക്കണമെന്നും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കവെ പി.ബി. അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി.
സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന മാനഭംഗസംസ്‌കാരമാണ് വളര്‍ന്നുവരുന്നത്. സ്ത്രീപീഡനം രാജ്യത്താകമാനം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ ഈ തീരുമാനം. കേരള നിയമസഭയില്‍ എല്‍.ഡി.എഫ്. വനിതാ എം.എല്‍.എ.മാരോട് യു.ഡി.എഫ്. എം.എല്‍.എ.മാര്‍ മോശമായി പെരുമാറിയതും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച വര്‍മക്കമ്മീഷനിലെ മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ സ്ത്രീകളെ അപമാനപ്പെടുത്തുന്ന തരത്തിലോ അവരോട് ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളോ നടത്തിയാല്‍ അവരെ ശിക്ഷിക്കാനുള്ള സംവിധാനം പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും ഉണ്ടാവണം.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ പാര്‍ട്ടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പി.ബി. അംഗം സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, സ്ത്രീകള്‍ കുറ്റവാളികളാവുന്ന കേസുകളില്‍ മതിയായ ശിക്ഷ ലഭിക്കണമെന്നതുമാണ് പാര്‍ട്ടി തീരുമാനം -യെച്ചൂരി പറഞ്ഞു.