വിശാഖപട്ടണം: സി.പി.എമ്മിന്റെ നിര്‍ണായകമായ 21-ാം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വി.എസ്. അച്യുതാനന്ദനെത്തിയത് മകന്‍ വി.എ. അരുണ്‍കുമാറിനൊപ്പം. തിങ്കളാഴ്ച ഉച്ചയോടെ വിശാഖപട്ടണം വിമാനത്താവളത്തില്‍ മകന്റെ കൈപിടിച്ച് വി.എസ്. വിമാനമിറങ്ങി.
വി.എസ്സിന്റെ കര്‍ക്കശമായ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനാണ് മകന്‍ അരുണ്‍കുമാറിനെ ബന്ധുക്കളും പാര്‍ട്ടിസുഹൃത്തുക്കളും ഒപ്പംവിട്ടതെന്നാണു സൂചന. ഇതാദ്യമായാണ് അരുണ്‍കുമാര്‍ അച്ഛനൊപ്പം സമ്മേളനനഗരിയിലെത്തുന്നത്; അതും വി.എസ്സിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍.
ആലപ്പുഴസമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ വി.എസ്. ഇറങ്ങിപ്പോയി പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ അരുണ്‍കുമാറെത്തിയാണ് വി.എസ്സിനെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. വി.എസ്സിന്റെ കര്‍ശനനിലപാടുകള്‍ സി.പി.എമ്മിനും ദോഷകരമാവുമെന്നുകണ്ട് പാര്‍ട്ടിക്കും വി.എസ്സിനുമിടയില്‍ അനുനയത്തിന്റെ പാലമാവുകയായിരുന്നു അരുണ്‍കുമാര്‍. ഇത്തവണ വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസിലും അച്ഛന്റെ നിഴലില്‍ അരുണെത്തിയത് അതേ അനുനയത്തിന്റെ ആള്‍രൂപമായാണെന്നാണു വിലയിരുത്തുന്നത്.
വിമാനത്താവളത്തില്‍നിന്നു താമസസ്ഥലത്തേക്കു പോകാന്‍ അരുണ്‍കുമാര്‍ വി.എസ്സിനൊപ്പം കാറില്‍ക്കയറിയിരുന്നു. എന്നാല്‍, കേരളത്തിന്റെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയും എന്നനിലയില്‍ പ്രോട്ടോകോളനുസരിച്ച് ആന്ധ്രസര്‍ക്കാറിന്റെ അതിഥിയായെത്തിയ വി.എസ്സിന്റെ വാഹനത്തില്‍ മകന്‍ അരുണിനെ യാത്രചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അരുണ്‍ മറ്റൊരു വാഹനത്തിലാണ് താമസസ്ഥലത്തേക്കു പോയത്.
കേന്ദ്രകമ്മിറ്റി അംഗത്വം കോമ്രേഡുകള്‍ തീരുമാനിക്കും -വി.എസ്.
വിശാഖപട്ടണം: വിമാനത്താവളത്തില്‍ ഏറെ സന്തോഷത്തോടെയാണ് വി.എസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിനല്‍കിയത്. കേന്ദ്രകമ്മിറ്റിയില്‍ തുടരുമോ എന്നചോദ്യത്തിന് അത് പാര്‍ട്ടികോമ്രേഡുകളാണു തീരുമാനിക്കേണ്ടതെന്നായിരുന്ന വി.എസ്സിന്റെ മറുപടി. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്നുപറഞ്ഞ വി.എസ്. പുതിയ സെക്രട്ടറിയാരാണെന്നകാര്യം തനിക്ക് മാധ്യമപ്രവര്‍ത്തകരോടു പങ്കുവെയ്ക്കാനാവില്ലെന്നും വ്യക്തമാക്കി.