തിരഞ്ഞെടുപ്പിലെ തകര്‍ച്ച: ഒരു മുഴം മുമ്പേയെറിഞ്ഞ് യെച്ചൂരി

പി.കെ. മണികണ്ഠന്‍ Posted on: 13 Apr 2015

വിശാഖപട്ടണം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കുറ്റപ്പെടുത്തി പി.ബി. അംഗം സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ഇതരമായിട്ടുള്ള പ്രാദേശിക പാര്‍ട്ടി നേതാക്കളെ മൂന്നാം മുന്നണി സര്‍ക്കാറിന്റെ നേതൃസ്ഥാനത്തേക്ക് സി.പി.എം. നേതൃത്വം പേരെടുത്ത് ഉയര്‍ത്തിക്കാട്ടിയത് തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായെന്നാണ് യെച്ചൂരിയുടെ വിമര്‍ശം. 2014-ലെ തിരഞ്ഞെടുപ്പിനുമുമ്പ് എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിതയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കാരാട്ടിന്റെ നടപടി പരോക്ഷമായി പരാമര്‍ശിച്ചാണ് ഈ കുറ്റപ്പെടുത്തല്‍. ഇത്തരം വാദങ്ങളുമായി യെച്ചൂരി പൊളിറ്റ് ബ്യൂറോക്ക് നല്‍കിയ കുറിപ്പുകൂടി പരിഗണിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാസ്സാക്കാന്‍ സി.പി.എം. തയ്യാറാക്കിയിട്ടുള്ള അടവുനയ റിപ്പോര്‍ട്ട്. വിശാഖപട്ടണത്ത് ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ചയാവുമ്പോള്‍ ഈ വിമര്‍ശനങ്ങളില്‍ നേതൃത്വം പ്രതിക്കൂട്ടിലാവും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്താനുള്ള 1978-ലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നേതൃത്വം തുടര്‍ച്ചയായി ലംഘിച്ചെന്നാണ് യെച്ചൂരിയുടെ മുഖ്യവിമര്‍ശം. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഇടതുമതേതര ജനാധിപത്യ സഖ്യം ശക്തിപ്പെടുത്തണമെന്ന് കോഴിക്കോട്ട് നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും എതിരായിട്ടുള്ള ബദല്‍ സര്‍ക്കാറുണ്ടാക്കുമെന്ന് 2014-ലെ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചത് ഈ ധാരണയിലായിരുന്നു. എന്നാല്‍, ഭാവി മൂന്നാം മുന്നണി സര്‍ക്കാറിന്റെ തലപ്പത്തേക്ക് പ്രാദേശികപാര്‍ട്ടി നേതാക്കളെ സി.പി.എം. നേതൃത്വം പേരെടുത്ത് അവരോധിക്കുന്നതുവരെ കാര്യങ്ങളെത്തി. ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനിടയാക്കി. പാര്‍ട്ടിയുടെ അടവുനയം ഒരിക്കല്‍ക്കൂടി ലംഘിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഈ പിഴവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. സി.പി.എം. രൂപവത്കരിച്ചശേഷമുള്ള അറുപത്തിയേഴിലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് ലഭിച്ചിരുന്നു. 2009-ല്‍ പതിനാറ് സീറ്റു മാത്രമായത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പാര്‍ലമെന്റ് പ്രാതിനിധ്യമാണെന്ന് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തുകയും ചെയ്തു. എന്നാല്‍, 2014-ല്‍ അതിനേക്കാള്‍ സീറ്റും വോട്ടും കുറഞ്ഞതും പി.ബി.ക്ക് നല്‍കിയ കുറിപ്പില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ പ്രഖ്യാപിതനയങ്ങള്‍ പാലിക്കാത്ത ഈ നിലപാടുകള്‍ക്കുപുറമേ വ്യക്തിവാദവും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളായി ഉയര്‍ന്നുവരും. മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം നടപ്പാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിച്ചേക്കും.

വ്യക്തിവാദമെന്ന രോഗം പാര്‍ട്ടിയെ അടിമുടി ഗ്രസിച്ചെന്നാണ് മറ്റൊരു വിമര്‍ശം. ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടി ഈ രോഗത്തെ ചെറുത്തുതോല്‍പ്പിക്കണം. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള വ്യക്തിവാദമെന്ന അപകടം ഇല്ലാതാക്കണം. 2009-ല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് അടവുനയം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന് വിരുദ്ധമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനപിന്തുണ അളക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഭരണവര്‍ഗത്തിന്റെ ശക്തിയെ വിലകുറച്ച് കണ്ടതും സി.പി.എമ്മിന്റെ ശക്തിയെ അമിതപ്രാധാന്യത്തില്‍ വിലയിരുത്തിയതും യാഥാര്‍ഥ്യബോധത്തിലല്ല. ഇതെല്ലാം വ്യക്തിവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നേതൃത്വത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുമാത്രം പാര്‍ട്ടിയില്‍ ചുമതലകള്‍ നിശ്ചയിക്കപ്പെട്ടു. കേന്ദ്രീകൃത ജനാധിപത്യമെന്ന അടിസ്ഥാനതത്ത്വത്തെ വ്യക്തിവാദം വിഴുങ്ങി. ശുദ്ധീകരണപ്രക്രിയ മുകള്‍ത്തട്ടില്‍ തുടങ്ങണം. ബോള്‍ഷെവിക്, മെന്‍ഷെവിക് മത്സരം പാര്‍ട്ടിയില്‍ നടക്കുന്നു. പാര്‍ട്ടിക്ക് ബഹുജന പിന്തുണ ഉറപ്പാക്കാന്‍ സഖാക്കള്‍ മത്സരിക്കുന്നതാണ് ബോള്‍ഷെവിക് മത്സരം. ലെനിന്‍ പഠിപ്പിച്ചതും ഇതുതന്നെ. എന്നാല്‍, ഒരു സഖാവിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി മറ്റൊരാള്‍ വലിയ നേതാവാകാന്‍ ശ്രമിക്കുന്ന മെന്‍ഷെവിക് മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. മുകള്‍ത്തട്ടു മുതല്‍ താഴെത്തട്ടുവരെ ഈ പ്രവണത പരിഹരിക്കപ്പെടണം. വ്യക്തിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കാതലെന്ന് ഒരു കേന്ദ്രകമ്മിറ്റിയംഗം 'മാതൃഭൂമി'യോട് പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ നേതൃത്വം തയ്യാറായെങ്കിലേ പാര്‍ട്ടി ശക്തിപ്പെടുത്താനാവൂവെന്നാണ് പ്രബലവിഭാഗത്തിന്റെ അഭിപ്രായം.




1

 

ga