പുണ്യസുമങ്ങള്‍: ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി വിശുദ്ധര്‍

വത്തിക്കാനില്‍നിന്ന് പ്രദീപ് ജോസഫ്‌ Posted on: 24 Nov 2014


ആഗോള കത്തോലിക്കാസഭയില്‍ വിശുദ്ധിയുടെ വെണ്‍പ്രഭ തൂകി ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധപദമേറി. സെന്റ് പീറ്റേഴ്‌സ ചത്വരത്തിലെങ്ങും ഇന്ത്യന്‍ പതാകകള്‍ പാറി. അനുഗ്രഹപ്പൂമഴ പെയ്തു.

ചത്വരം നിറഞ്ഞ വിശ്വാസികളെ സാക്ഷിനിര്‍ത്തി ഇവരുള്‍പ്പെടെ ആറുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിച്ചു. വിവിധരാജ്യങ്ങളിലെ വിശ്വാസികള്‍ ടെലിവിഷനിലൂടെയും ചടങ്ങിന് സാക്ഷികളായി.

ജിയോവനി അന്റോണിയോ ഫരീന, ലുഡോവികോ ഡി കസോരിയ, നിക്കോള ഡി ലോംഗോബര്‍ഡി, അമാതോ റങ്കോണി എന്നിവരാണ് വിശുദ്ധപദമേറിയ മറ്റുനാലുപേര്‍. എല്ലാവരും ഇറ്റലിക്കാര്‍. ആറുപേരും ഇനി വിശ്വാസസമൂഹത്തില്‍ പരസ്യവണക്കത്തിന് യോഗ്യര്‍. ആഗോളകത്തോലിക്കാസഭയിലെ 22 റീത്തുകള്‍ക്കും ഇനി ഇവര്‍ ആരാധ്യര്‍. ലോകത്തെവിടെയും ഇവരുടെ നാമത്തില്‍ പള്ളികള്‍ സ്ഥാപിക്കാം. സ്ഥാപനങ്ങളുമാകാം. സഭയുടെ ആരാധനാക്രമപുസ്തകത്തില്‍ ഇവരുടെ പേരുചേര്‍ക്കും.


വിശുദ്ധപദവിക്ക് അര്‍ഹരായവരുടെ തിരുശേഷിപ്പുകള്‍ വൈസ് പോസ്റ്റുലേറ്റര്‍മാര്‍ മാര്‍പാപ്പയ്ക്ക് കൈമാറിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിശുദ്ധപദവിപ്രഖ്യാപനത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ അമാതോ, മാര്‍പാപ്പയോട് വിശുദ്ധപദവി പ്രഖ്യാപനം അഭ്യര്‍ഥിച്ചു. മാര്‍പാപ്പ പേരുവിളിച്ച് ഓരോരുത്തരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാന്‍സമയം രാവിലെ പത്തിനാരംഭിച്ച ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് മാര്‍പാപ്പയുടെ ത്രികാല ജപത്തോടെയാണ് പൂര്‍ത്തിയായത്.

ഇടയ്ക്ക് മഴ ചാറിയെങ്കിലും കുടനിവര്‍ത്തിയും പ്ലാസ്റ്റിക് കോട്ടുകളണിഞ്ഞും വിശ്വാസികള്‍ അനുഗ്രഹപ്പൂമഴയെ വരവേറ്റു. മാറുന്ന ലോകത്തില്‍ കത്തോലിക്കാവിശ്വാസവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ, ബിഷപ്പുമാര്‍ എന്നിവരടക്കം 1500 വൈദികര്‍ സഹകാര്‍മികരായി. കേരളത്തില്‍നിന്ന് മുപ്പതോളം ബിഷപ്പുമാര്‍ പങ്കെടുത്തു.
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവിക്ക് കാരണമായി വത്തിക്കാന്‍ അംഗീകരിച്ച രോഗസൗഖ്യം ലഭിച്ച പാലാ സ്വദേശി മരിയ, കൊടകര സ്വദേശി ജ്യൂവല്‍ എന്നിവര്‍ മാതാപിതാക്കള്‍ക്കൊപ്പം ധന്യനിമിഷത്തിന് സാക്ഷ്യംവഹിച്ചു.

ഇറ്റലി, വത്തിക്കാന്‍ ഗായകസംഘങ്ങള്‍ക്കൊപ്പം ഇന്ത്യാ ഗായകസംഘവും ഗാനങ്ങള്‍ ആലപിച്ചു. മലയാളികള്‍ നിറഞ്ഞ സംഘം രണ്ട് പാട്ടുകളാണ് പാടിയത്. കാറോസൂസയിലും (യാചനപ്രാര്‍ഥന) മലയാളം മുഴങ്ങി. കര്‍ത്താവായ യേശുവേ, നിന്റെ കൃപയില്‍ സഭയെ വളര്‍ത്തേണമേ എന്നായിരുന്നു പ്രാര്‍ഥന. ചടങ്ങുകള്‍ക്കുശേഷം പാപ്പ വാഹനത്തില്‍ ചത്വരം ചുറ്റി. കുട്ടികളെ തലോടി, തലയില്‍ െൈകവച്ച് അനുഗ്രഹിച്ചു. ഇടയ്ക്ക് വാഹനം നിര്‍ത്തി കുശലംപറഞ്ഞു. ഇതോടെ വിശ്വാസസമൂഹം അലകളായിളകി.മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദേശീയപതാകയും ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ബാനറുകളും മറ്റുമായി ചടങ്ങിന് എത്തിയത്.




1
chavara photos download

 

ga
more videos

 

CHAVARA BOOK
chavaraachan wishes