കോയമ്പത്തൂര്‍: ''എപ്പോഴും ചിരിക്കും, എപ്പോഴും പ്രാര്‍ഥിക്കും...കൈയിലും കഴുത്തിലും കൊന്തയുണ്ടായിരുന്ന എവുപ്രാസ്യമ്മയെ എങ്ങനെ മറക്കും? ബാല്യത്തില്‍ തന്നെ പഠിപ്പിച്ച എവുപ്രാസ്യമ്മ എന്ന സിസ്റ്റര്‍ വിശുദ്ധയാകുന്നതിന്റെ ആത്മീയാനന്ദത്തിലാണ് തൊണ്ണൂറിലെത്തിയ ത്രേസ്യാമ്മ ചേടത്തി. മകള്‍ ബേബിക്കൊപ്പം കോയമ്പത്തൂര്‍ മരുതുനഗര്‍ തടാകം റോഡിലെ വീട്ടിലിരുന്ന് അവര്‍ പഴയകാലം ഓര്‍മിച്ചു.
തൃശ്ശൂര്‍ തലോര്‍ കൊവേന്തക്കടുത്ത് പൊറത്തൂര്‍ കൂനമ്പിലാവ് വീട്ടിലാണ് ത്രേസ്യാമ്മ ജനിച്ചത്. മൂന്നാംക്ലാസ് വരെ ഒല്ലൂരെ കോണ്‍വെന്‍റ് സ്‌കൂളില്‍ പഠിച്ചു. ഇക്കാലത്താണ് എവുപ്രാസ്യമ്മയെ പരിചയപ്പെട്ടത്.
193637 കാലത്ത് ക്ലാസില്‍ നെയ്ത്ത് പഠിപ്പിക്കാന്‍ എവുപ്രാസ്യമ്മ എത്തിയിരുന്നു. കുട്ട നെയ്യാനും വട്ടി നെയ്യാനുമൊക്കെ പഠിപ്പിക്കും. പുറത്തുവെച്ച് കാണുമ്പോള്‍ വിശേഷങ്ങള്‍ ചോദിക്കും. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു.
പള്ളിയുടെ മൂലയ്ക്ക് എപ്പോഴും ആ രൂപമുണ്ടാകും. 'മരിച്ചാലും മറക്കൂല്ലട്ടോ' എന്ന എവുപ്രാസ്യമ്മയുടെ വാക്കുകള്‍ പലവട്ടം കേള്‍ക്കാനുള്ള ഭാഗ്യവും ത്രേസ്യാമ്മ ചേടത്തിക്കുണ്ടായി.
ആദ്യ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് മാള എടാട്ടുകാരന്‍ കൊച്ചുവറീതിനെ വിവാഹം കഴിച്ചു.
30 വര്‍ഷം മുന്‍പ് ഇദ്ദേഹം മരിച്ചു. ഇപ്പോള്‍ കോയമ്പത്തൂരില്‍ അധ്യാപികയായ മകള്‍ ബേബിയുടെ ശുശ്രൂഷയിലാണ്.
എവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞ നാള്‍മുതല്‍ ത്രേസ്യാമ്മ പ്രാര്‍ഥനയിലാണ്. സമീപത്തെ സിഎംസി കോണ്‍വെന്റിലെ മദര്‍ കഴിഞ്ഞ ദിവസമെത്തി എവുപ്രാസ്യമ്മയുമൊത്തുള്ള ഓര്‍മകള്‍ ചോദിച്ചറിഞ്ഞിരുന്നു.