വരാപ്പുഴ: ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനം വത്തിക്കാനില്‍ നടക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലെ കബറിടത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കാളികളാകും.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടന പദയാത്ര ഉച്ചയ്ക്ക് മൂന്നിന് കബറിട ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ദേവാലയത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ കൂറ്റന്‍ പ്രതിമയുടെ ആശീര്‍വാദം കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി നിര്‍വഹിക്കും. വൈകീട്ട് 4.30ന് കബറിടത്തില്‍ നടക്കുന്ന സാഘോഷ പൊന്തിഫിക്കല്‍ കൃതജ്ഞതാബലിയില്‍ കൊച്ചി മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല വചനസന്ദേശം നല്‍കും. ചാവറയച്ചന്റെ പടം ആലേഖനം ചെയ്തിട്ടുള്ള കാശുരൂപത്തിന്റെ ആശീര്‍വാദവും വിതരണവും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ നിര്‍വഹിക്കും.
ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിനായുള്ള സൗകര്യവും ദേവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലില്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങിനെത്തുന്ന വിശ്വാസികള്‍ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിട്ടുള്ളതായി ഫൊറോന റെക്ടര്‍ ഫാ. ആന്റണി ചെറിയകടവില്‍ അറിയിച്ചു.
ചാവറയച്ചന്റെ വിശുദ്ധ നാമകരണം തീരുമാനിച്ചതോടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തുന്നതിനായി കൂനമ്മാവിലെ ദേവാലയത്തില്‍ എത്തുന്നുണ്ടെന്നും ഫാ. ആന്റണി ചെറിയകടവില്‍ പറഞ്ഞു.