വരാപ്പുഴ: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രം കൂനമ്മാവ് എന്ന ഗ്രാമവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു
സഭാ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണ് കൂനമ്മാവിലേത്.
വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ചാവറയച്ചനും ഏവുപ്രാസ്യമ്മയും ദൈവദാസി മദര്‍ ഏലീശ്വയുമൊക്കെ കൂനമ്മാവിലെ ആത്മീയസാമൂഹികവിദ്യാഭ്യാസമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.
1864 ജനവരി 12നാണ് ചാവറയച്ചന്‍ മാന്നാനത്തു നിന്ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആശ്രമത്തിന്റെ പ്രിയോറായി ചുമതലയേല്‍ക്കുന്നത്.
1866ല്‍ ലിയോ പോള്‍ മിഷണറിയുമായി ചേര്‍ന്ന് നടത്തിയ പരിശ്രമഫലമായി ഭാരതത്തിലെ ഏതദ്ദേശീയ സന്ന്യാസി സഭയ്ക്ക് തുടക്കം കുറിച്ചു.
1866ല്‍ കേരളത്തില്‍ ആദ്യമായി 40 മണിക്കൂര്‍ ആരാധനയ്ക്ക് കൂനമ്മാവില്‍ തുടക്കം കുറിച്ചതും ചാവറയച്ചനാണ്.
1869ല്‍ അമലോത്ഭവ മാതാവിന്റെ പേരില്‍ കൂനമ്മാവില്‍ അച്ചുകൂടം സ്ഥാപിച്ചതും ആദ്യകാല ദിനപത്രങ്ങളിലൊന്നായ 'സത്യനാദകാഹളം' പുറത്തിറക്കിയതും ചാവറയച്ചന്റെ പരിശ്രമഫലമായിട്ടാണ്. വരാപ്പുഴ അതിരൂപതാ വികാരിജനറാലായും ചാവറയച്ചന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1864 മുതല്‍ 1871വരെയുള്ള ഏഴുവര്‍ഷക്കാലമാണ് ചാവറയച്ചന്‍ കൂനമ്മാവ് പള്ളിയില്‍ സേവനമനുഷ്ഠിച്ചത്.
അന്ത്യനാളുകള്‍ ചെലവഴിച്ചതും കൂനമ്മാവിലാണ്. പള്ളിയോടുചേര്‍ന്ന് ആശ്രമ മുറിയിലായിരുന്നു അച്ചന്റെ താമസം. അവിടെത്തന്നെയായിരുന്നു അന്ത്യവും. 1958ല്‍ ദൈവദാസനായി ഉയര്‍ത്തപ്പെട്ട ചാവറയച്ചന് ഇതിനായുള്ള ദൈവകൃപ ലഭിച്ചതും കൂനമ്മാവില്‍ നിന്നുമാണ്. .
കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ അദ്ദേഹം താമസിച്ചിരുന്ന മുറിയും അദ്ദേഹം ഉപേയാഗിച്ചിരുന്ന വസ്തുക്കളും ഇന്നും സംരക്ഷിച്ചുവരുന്നു. ചാവറയച്ചന്റെ പൂജ്യ ശരീരം ആദ്യം അടക്കം ചെയ്ത കബറിടവും അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയവും കാണുന്നതിനുവേണ്ടി നൂറുകണക്കിന് വിശ്വാസികള്‍ കൂനമ്മാവില്‍ എത്തുന്നുണ്ട്.
വിശുദ്ധയായി ഉയര്‍ത്തപ്പെട്ട ഏവുപ്രാസ്യമ്മ 1889 ല്‍ 11ാമത്തെ വയസ്സിലാണ് കൂനമ്മാവ് സെന്റ് ട്രീസാസ് മഠത്തിലെ ബോര്‍ഡിങ്ങില്‍ ചേരുന്നത്. തുടര്‍ന്ന്, ഒമ്പതുവര്‍ഷം മഠത്തില്‍ ചെലവഴിച്ച ഏവുപ്രാസ്യമ്മ അമ്പഴക്കാട്ട് മഠത്തിലേക്ക് പോകുകയാണുണ്ടായത്. മഠത്തിലെ ബോര്‍ഡിങ് പഠനകാലത്ത് തയ്യല്‍, ചിത്രമെഴുത്ത്, കൊന്തകെട്ട് എന്നിവയില്‍ പ്രാവീണ്യം നേടി. എന്നാല്‍, അസുഖബാധയെത്തുടര്‍ന്ന് മഠത്തിലെ പഠനം അവസാനിപ്പിക്കുകയാണുണ്ടായത്. ഏവുപ്രാസ്യമ്മ താമസിച്ച സ്ഥലം മ്യൂസിയമായി ഇവിടെ സംരക്ഷിച്ച് വരുന്നു.
മദര്‍ ഏലീശ്വയുടെയും പ്രധാന പ്രവര്‍ത്തന കേന്ദ്രം കൂനമ്മാവാണ്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന മദര്‍ ഏലീശ്വ അവര്‍ക്ക് എഴുത്തും വായനയും കൈത്തൊഴിലും സ്വായത്തമാക്കാന്‍ സഹായിച്ചു. കൊന്തകെട്ടും പാചകവിദ്യയും കരകൗശല വസ്തുക്കളുടെ നിര്‍മാണവും പരിശീലിപ്പിച്ചു. സ്ത്രീകള്‍ക്കായി പെണ്‍പള്ളിക്കൂടവും കൂനമ്മാവില്‍ സ്ഥാപിച്ചു. മദര്‍ ഏലീശ്വയുടെ ഭവനത്തില്‍ സ്ത്രീകളെ വിളിച്ചുകൂട്ടിയായിരുന്നു തുടക്കം.
രണ്ട് വിശുദ്ധന്മാരും ഒരു ദൈവദാസിയും വര്‍ഷങ്ങളോളം ചെലവഴിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടെന്ന ഖ്യാതിയിലാണ് ഇപ്പോള്‍ കൂനമ്മാവ് ഗ്രാമം.