കോട്ടയം: വിശുദ്ധ മലമുകളില്‍ മെഴുകുതിരിനാളത്തിനും ധ്യാനഭംഗി. ഓര്‍മയിലെന്നും കാത്തുസൂക്ഷിക്കാവുന്ന ആ ദിവ്യമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ ഒരുമയോടെ മനസ്സുകളൊരുങ്ങി. മൗനനൊമ്പരങ്ങള്‍ക്കും സാന്ത്വനമായി സ്‌നേഹത്തിന്റെ സുവര്‍ണസ്പര്‍ശമേകിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. അഴലിന്റെ ഇരുളകറ്റണമേയെന്ന പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ അച്ചന്റെ കബറിടത്തിലേക്ക് ഒഴുകിയെത്തുകയാണ്. വെള്ള റോസാപ്പൂക്കളും വാടാമലരുകളും നിറഞ്ഞ മാന്നാനത്തെ ആശ്രമദേവാലയം ഏവര്‍ക്കും സ്വാഗതമരുളുന്നു. വീഥികളിലെല്ലാം ഭക്തിയുടെ ചൈതന്യം.ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇവിടെ അലിയുന്നു. മതഭേദവുമില്ല. വിശുദ്ധപദവി പ്രഖ്യാപനത്തിന് തലേന്നും ആത്മീയ നേതാക്കളുള്‍പ്പെടെ നിരവധിപ്പേരാണ് ഇവിടേക്കെത്തിയത്. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട സംഘങ്ങളും എത്തിച്ചേരുന്നു. അച്ചന്റെ കബറിടത്തിനുമുന്നില്‍ ചെറുബാല്യങ്ങളും മിഴിപൂട്ടിനിന്നു. സ്ത്രീകളുള്‍പ്പെട്ട വിശ്വാസിസമൂഹവും പ്രാര്‍ത്ഥനയ്‌ക്കെത്തി. ചാവറയച്ചന്റെ ഓര്‍മകളുണരുന്ന മ്യൂസിയത്തിലും അച്ചന്‍ വസിച്ച മുറിയിലും അനുഗ്രഹംതേടി വിശ്വാസികളെത്തുന്നു. ആശ്രമദേവാലയത്തിനുമുമ്പില്‍ അരലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പന്തലും തയ്യാറായി. തത്സമയ സംപ്രേഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറയും വൈസ് പ്രോസ്റ്റുലേറ്റര്‍ ജയിംസ് മഠത്തില്‍കണ്ടത്തിലും ധന്യമുഹൂര്‍ത്തത്തിന് റോമില്‍ സാക്ഷിയാകും. വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ. സജി പാറക്കടവില്‍, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ ദേവാലയത്തിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് വത്തിക്കാനില്‍ വിശുദ്ധപ്രഖ്യാപനം. പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകള്‍ ആശ്രമദേവാലയത്തില്‍ നടക്കും. വൈകീട്ട് 4.30ന് കൃതജ്ഞതാബലി. 6 മണിക്ക് ചേരുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മാന്നാനം ആശ്രമത്തില്‍ സ്ഥാപിച്ച കേരളീയ വിശുദ്ധരുടെ ഛായാചിത്രങ്ങള്‍ മന്ത്രി രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്യും. ചാവറ ഭവനപദ്ധതി മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. ചാവറ പുസ്തകപ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. തീര്‍ത്ഥാടക റിഫ്രഷ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍വഹിക്കും. വിജയപുരം രൂപതാ വികാരി ജനറാള്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.