ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന് വിശേഷണങ്ങള്‍ ഒട്ടേറെയുണ്ട്. അദ്ദേഹം അതിന് അര്‍ഹനുമാണ്.
സമൂഹത്തെ കുടുംബങ്ങളിലൂടെ നവീകരിക്കാന്‍ ചാവരുളുകള്‍ നല്‍കിയതാണ് പൊതുമണ്ഡലത്തില്‍ ഈ പുണ്യവാനെ ഏറെ പ്രസക്തനാക്കുന്നത്.
അദ്ദേഹം നല്‍കിയ സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാണുതാനും.
കൊച്ചു കൊച്ചുപദേശങ്ങളിലൂടെ വലിയ നന്മകളിലേക്ക് സമൂഹത്തെ അദ്ദേഹം കൈപിടിച്ചുനടത്തി.
വേലക്കാരന് കൂലികൊടുക്കാന്‍ വൈകരുത്, നാട്ടുനടപ്പുള്ള കൂലികൊടുക്കണം എന്നൊക്കെ അദ്ദേഹം ഉറക്കെപ്പറഞ്ഞത് അതിന് മടികാണിച്ചിരുന്ന സമൂഹത്തോടാണ്. പിന്നാക്കസമുദായങ്ങളായി വിശേഷിപ്പിക്കപ്പെട്ടിരുന്നവര്‍ക്ക് തന്റെ വിദ്യാലയങ്ങളില്‍ അദ്ദേഹം പഠനാവസരംനല്‍കി.
മാന്നാനത്തെ ആദ്യ സംസ്‌കൃത വിദ്യാലയമാണ് കേരള കത്തോലിക്കാ സഭയുടെ പ്രഥമ സ്‌കൂള്‍. ഇവിടെ തൃശ്ശൂരില്‍നിന്ന് പണ്ഡിതനായ വാര്യര്‍മാഷെ കൊണ്ടുവന്ന് അധ്യാപകനാക്കി. അച്ചനറിയാവുന്ന വിദേശഭാഷകള്‍ മാഷിനെ പഠിപ്പിച്ചു. അധ്യാപകനില്‍നിന്ന് അച്ചനും പലതും പഠിച്ചു. പഠിപ്പിച്ചും പഠിച്ചും മുന്നേറുമ്പോള്‍ വേലിക്കെട്ടുകളൊന്നും വേണ്ടെന്ന് സമൂഹത്തെ പഠിപ്പിച്ചു.
സ്ത്രീവിദ്യാഭ്യാസത്തിന് പരമപ്രധാനസ്ഥാനം നല്‍കണമെന്ന് പള്ളപ്രസംഗം നടത്തുന്ന ഒരു കത്തോലിക്കാവൈദികന്‍ അന്നൊരു വിസ്മയമായിരുന്നു. അച്ചടക്കമാണ് സകല പുരോഗതിയുടെയും നിദാനമെന്നറിഞ്ഞ് അദ്ദേഹം പറഞ്ഞു: ''ഇരിപ്പിലും നടപ്പിലും കിടപ്പിലും അടക്കംപാലിക്കണം.''
നല്ല പുസ്തകങ്ങള്‍ ധാരാളം വായിക്കണം എന്ന്പറഞ്ഞ അദ്ദേഹം ഒപ്പമൊരു താക്കീതുംനല്‍കി: ''ചീത്തപുസ്തകം സൂക്ഷിക്കുന്നവന്‍ വൈക്കോലില്‍ തീ സൂക്ഷിക്കുകയാണ്.'' സത്കര്‍മങ്ങളില്‍ ധാരാളിയായിരിക്കണമെന്നും ലുബ്ധന്റെ മുതല്‍ പുഴുക്കുത്തേല്ക്കുമെന്നുമൊക്കെ പ്രബോധിപ്പിച്ചു. കട്ടവസ്തു കത്തിപ്പോകുമെന്നും അന്യായങ്ങള്‍ ചെയ്യുന്നന്‍ ദൈവരാജ്യംകാണില്ലെന്നും ഉപദേശിച്ചു. സൂക്ഷ്മകാര്യങ്ങളില്‍പ്പോലും ശ്രദ്ധകൊടുത്തു: ദൈവഭയമുള്ളവരെ മാത്രമേ വീട്ടുജോലിക്കായി എടുക്കാവൂ. അവരുടെ എണ്ണം ചുരുങ്ങിയിരിക്കണം. അവരുടെ ആത്മീയകാര്യങ്ങളിലും ശ്രദ്ധവേണം. കുട്ടനാട്ടിലെ കൈനകരി എന്ന കൊച്ചുതുരുത്തില്‍ രണ്ടുനൂറ്റാണ്ടുമുന്‍പ് ജനിച്ച വൈദികന്‍ ക്രാന്തദര്‍ശിയായിരുന്നു. കുട്ടികളെ ആണായാലും പെണ്ണായാലും എപ്പോഴും വസ്ത്രം ധരിപ്പിച്ചിരിക്കണം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കിടത്തരുത്. പൈതലുകളുടെ കൂട്ടുകെട്ട് മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. അമിത ശാസനയും അമിത ലാളനയും ഒരുപോലെ ആപത്ത്. ഇങ്ങനെ ശിശുപരിപാലനംമുതല്‍ മുതിര്‍ന്ന ജനങ്ങളുടെ സംരക്ഷണംവരെയുള്ള കാര്യങ്ങളില്‍ ഇദ്ദേഹം പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കി.
കച്ചവടം, ധനസമാഹരണം എന്നിവയിലൊക്കെ ബുദ്ധിപൂര്‍വം ഉപദേശങ്ങള്‍ നല്‍കിയ ഈ സമൂഹപരിഷ്‌കര്‍ത്താവ് എല്ലാവരെയും കരുതിയിരുന്നു. ''ഭിക്ഷക്കാര്‍ വെറുംകൈയോടുകൂടി നിന്റെ വീട്ടില്‍നിന്ന് പോകുവാന്‍ നീ സമ്മതിക്കേണ്ട. പാടുള്ളപ്പോഴൊക്കെയും അല്പമെങ്കിലും ദാനധര്‍മം കൊടുക്കാതെയിരിക്കേണ്ട. അന്യര്‍ക്ക് വല്ല ഉപകാരംചെയ്യാത്ത ദിവസം നിന്റെ ആയുസിന്റെ ദിവസങ്ങളുടെകണക്കില്‍ കൂട്ടുന്നതല്ല.''