ഒരു വിശുദ്ധ ജീവിതത്തിന്റെ ഓര്‍മകളുടെ സുഗന്ധം പേറിനില്‍ക്കുന്ന മാന്നാനത്തെ ചാവറ മ്യൂസിയം തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ആത്മീയ യാത്രയാണ്. ആറ് പ്രധാന ഭാഗങ്ങളുള്ള മ്യൂസിയം ആരംഭിക്കുന്നത് പ്രപഞ്ചസൃഷ്ടിയുടെ ആഗമനത്തോടെയാണ്. യേശുക്രിസ്തുവിന്റെ വരവ്, ജീവിതത്തിലെ മുഖ്യസംഭവങ്ങള്‍, പ്രബോധനങ്ങള്‍ എന്നിവയാണ് ആദ്യഭാഗത്ത്.ക്രിസ്തുവചനങ്ങള്‍ ഭാരതത്തിലെത്തുന്ന രണ്ടാംഭാഗത്താണ്. തോമാശ്ലീഹായുടെ കാല്‍പ്പാടുകള്‍ പതിഞ്ഞപള്ളികള്‍ ചിത്രീകരിക്കുന്നത്.
ഭാരതീയരാല്‍ സ്ഥാപിക്കപ്പെട്ട സമൂഹങ്ങളുടെ സന്ന്യാസജീവിതം മൂന്നാംഘട്ടത്തിലുള്ളപ്പോള്‍. കൈനകറില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ജനിച്ചതുമുതല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതുവരെയുള്ളതാണ് നാലാംഭാഗം. ചാവറയച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ ചരിത്രരേഖകള്‍ ഈ ഭാഗത്ത് വിശ്വാസതീവ്രതയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളായി നില്‍ക്കുന്നു.
അല്‍ഫോന്‍സാമ്മയ്ക്ക് പ്രത്യക്ഷപ്പെട്ട് ചാവറയച്ചന്‍ രോഗവിമുക്തി നല്‍കുന്ന രംഗവും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഭക്തിയും വിശ്വാസവും വിളംബരം ചെയ്യുന്ന ഈ അപൂര്‍വ മുഹൂര്‍ത്തം കഴിഞ്ഞ ദിവസം മാന്നാനം ആശ്രമ ദേവാലയ അങ്കണത്തില്‍ മനോഹരശില്‍പമായി സ്ഥാനംപിടിച്ചു.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സന്യാസസഭയ്ക്ക് ചാവറയച്ചന്‍ രൂപം നല്‍കുന്നത് 5ാം ഭാഗത്തും, ജീവിതത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്‌ക്കാരം ആറാം ഭാഗത്തും നിറയുന്നു.
ചാവറയച്ചന്‍ ഉപയോഗിച്ച മേശ, കസേര, കണ്ണട, പേന, വില്ലുവണ്ടി, ജലയാനം എന്നിവയെല്ലാം വ്രതപുണ്യ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലുകളായി വിശ്വാസമാനസങ്ങളില്‍ പടരുന്ന അവസ്ഥയിലാണ് മ്യൂസിയത്തിന്റെ ക്രമീകരണം. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ഥിച്ച് രോഗശാന്തി നേടുന്ന ഭക്തര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം കൂടിയാണ് ചാവറ മ്യൂസിയം സന്ദര്‍ശനം.