വത്തിക്കാന്‍ സിറ്റി: ചാവറയച്ചനും എവുപ്രാസ്യമ്മയ്ക്കും വിശുദ്ധപദവി പ്രഖ്യാപിച്ചതിന് നന്ദിയര്‍പ്പിച്ച് തിങ്കളാഴ്ച ഇന്ത്യാസമയം പകല്‍ രണ്ടരയ്ക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും.
ഇതിനുമുമ്പേ മാര്‍പാപ്പ ഇന്ത്യാ സംഘത്തെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. വളരെ അപൂര്‍വമായാണ് മാര്‍പാപ്പയുടെ ദേവാലയത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പണത്തിന് മറ്റൊരു സംഘത്തിന് അനുമതിനല്‍കുന്നത്. ഭാരതസഭയ്ക്ക് വത്തിക്കാന്‍ നല്‍കുന്ന അംഗീകാരമായാണ് സഭാനേതൃത്വം ഇതിനെ കണക്കാക്കുന്നത്.
പ്രൊഫ. പി.ജെ കുര്യന്‍, ജോസ് കെ.മാണി എന്നിവരുള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍പ്രതിനിധി സംഘം ഞായറാഴ്ചത്തെ ചടങ്ങിനെത്തിയിരുന്നു. മന്ത്രിമാരായ കെ.സി ജോസഫ്, പി.ജെ ജോസഫ്, എം.പി വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ കേരളത്തെ പ്രതിനിധാനം ചെയ്തു. കേരളത്തില്‍നിന്നും ഇറ്റലിയടക്കമുള്ള യൂറോപ്പ് രാജ്യങ്ങളില്‍നിന്നുമായി എണ്ണായിരത്തിലധികം മലയാളികള്‍ ചടങ്ങിനെത്തി. ഇന്ത്യാപതാകയും ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ബാനറുകളും മറ്റുമായാണ് വിശ്വാസികള്‍ എത്തിയത്. ചാവറ കുടുംബാംഗങ്ങളും എവുപ്രാസ്യമ്മയുടെ എലുവത്തിങ്കല്‍ കുടുംബാംഗങ്ങളും കൃതജ്ഞതാപൂക്കളുമായി വത്തിക്കാനില്‍ എത്തിയിരുന്നു.