സുകൃതജീവിതംകൊണ്ട് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവരെയാണ് സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. മറ്റുള്ളവര്‍ക്ക് അവരെ മാതൃകയാക്കാനും അവരുടെ ചൈതന്യം സ്വീകരിച്ച് വളരാനുമുള്ള അവസരമൊരുക്കാനാണിത്. കത്തോലിക്ക സഭയില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്ക് പ്രത്യേക വിഭാഗമുണ്ട്. 'വിശുദ്ധര്‍ക്കായുള്ള തിരുസംഘം' എന്നാണിത് അറിയപ്പെടുന്നത്.
ഒരാളെ വിശുദ്ധനായി പ്രഖ്യാപിച്ച ശേഷം സാര്‍വത്രികമായി ആ വ്യക്തിയുടെ തിരുനാളുകള്‍ ആഘോഷിക്കാനും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കാനും അള്‍ത്താരയില്‍ വണങ്ങാനും കഴിയും. മാര്‍പാപ്പയ്ക്ക് മാത്രമാണ് ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ അധികാരമുള്ളു.
ഇപ്പോള്‍ സഭയില്‍ വിശുദ്ധനാക്കുന്ന ചടങ്ങുകള്‍ക്കുള്ള മാര്‍ഗരേഖ 1983 ജനവരി 25ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച പ്രബോധന രേഖയുടെയും ഇതേ വര്‍ഷം ഫിബ്രവരിയില്‍ വിശുദ്ധര്‍ക്കായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച മാര്‍ഗരേഖയുടെയും അടിസ്ഥാനത്തിലാണ്. ഇതുപ്രകാരം ഒരു വ്യക്തി മരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞുവേണം നാമകരണ നടപടി തുടങ്ങാന്‍. മദര്‍ തെരേസയുടെയും ജോണ്‍ പോള്‍ രണ്ടാമന്റെയും കാര്യത്തില്‍ ഇതിന് ഇളവ് നല്‍കിയിട്ടുണ്ട്.
ഒരാള്‍ വിശുദ്ധനെന്ന് ബോധ്യപ്പെടുന്നപക്ഷം വിശ്വാസികള്‍ക്ക് രൂപതാ മെത്രാനോട് വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാം. ബോധ്യപ്പെടുന്നപക്ഷം വിശുദ്ധര്‍ക്കുള്ള തിരുസംഘത്തില്‍ നിന്ന് അനുമതി വാങ്ങിക്കൊണ്ട് ഒരു സമിതിയെ മെത്രാന് നിയമിക്കാം. ഇതിന്റെ തലവന്‍ പോസ്തുലത്തോര്‍ എന്നാണ് അറിയപ്പെടുക. വ്യക്തിയുടെ ജീവിതവും മറ്റും പരിശോധിച്ച് ബോധ്യപ്പെടുന്നപക്ഷം ദൈവദാസനായി പ്രഖ്യാപിക്കും.
തുടര്‍ന്നുള്ള നടപടികള്‍ക്കായി ഈ സമിതി സ്വരൂപിച്ച രേഖകള്‍ വത്തിക്കാന് കൈമാറും. അവിടെ മറ്റൊരു പോസ്തുലത്തോറുടെ കീഴില്‍ ഒരു സമിതി പരിശോധിക്കും. രൂപതാതലത്തില്‍ നടത്തിയ അന്വേഷണങ്ങളും വിശകലനങ്ങളും ആവര്‍ത്തിക്കപ്പെടും. ഇതെല്ലാം ബോധ്യപ്പെട്ടാല്‍ ധന്യനായി പ്രഖ്യാപിക്കും. അതോടെ, ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാര്‍ഥനകളും അച്ചടിക്കാം. ഇതിനുശേഷം ആ വ്യക്തിയുടെ മധ്യസ്ഥതയില്‍ ഒരു അത്ഭുതം നടക്കുകയും അത് സമിതിയില്‍ തെളിയിക്കപ്പെടുകയും ചെയ്താല്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തും. ഒമ്പത് ദൈവശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് വാദപ്രതിവാദങ്ങള്‍ നടത്തിയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കമുള്ളവ പരിഗണിച്ചുമാകും ഇത്. സമിതിയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ഇക്കാര്യങ്ങള്‍ കര്‍ദിനാള്‍മാരും മെത്രാന്മാരുമടങ്ങുന്ന സമിതി വീണ്ടും പരിശോധിക്കും. ഇവിടെയും ഭൂരിപക്ഷം ലഭിച്ചാല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
ഇതോടെ, പ്രാദേശികമായി ഇവരുടെ തിരുനാളുകള്‍ ആഘോഷിക്കാനും അള്‍ത്താര വണക്കത്തിനും അനുമതി ലഭിക്കും. വാഴ്ത്തപ്പെടുത്തിയ ശേഷം വീണ്ടും ഇവരുടെ മധ്യസ്ഥതയില്‍ ഒരു അത്ഭുതം നടക്കുകയും സമിതി അത് അംഗീകരിക്കുകയും ചെയ്താല്‍ വിശുദ്ധനായി നാമകരണം ചെയ്യും.