കുഞ്ഞുറോസ

ഡി. ബാബുപോള്‍ Posted on: 23 Nov 2014

കുറെ സംവത്സരങ്ങളായി ഒരു കന്യാസ്ത്രീ എന്നെ പിന്‍പറ്റുന്നുണ്ടായിരുന്നു. അല്‍ഫോണ്‍സാമ്മ അല്ല; ആ ചിത്രം എന്റെ തലയണയ്ക്കടുത്തുണ്ട്. വാ. മറിയം ത്രേസ്യയോ സെന്റ് ബ്രിജിത്തോ ആവുമെന്നാണ് കരുതിയത്. ഈയിടെയാണ് തിരിച്ചറിഞ്ഞത് എവുപ്രാസ്യമ്മയാണ് എനിക്ക് കാവലാളായി കൂടെനടന്നതെന്ന്. വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവേളയില്‍ എല്ലാ വിശ്വാസികള്‍ക്കും ആഹ്ലാദിക്കാന്‍ അവകാശമുണ്ട്; എനിക്ക് പ്രത്യേകിച്ചും.

ആദിമസഭ എല്ലാ അംഗങ്ങളേയും വേര്‍തിരിക്കപ്പെട്ടവരായും വിശുദ്ധരായുമാണ് കരുതിവന്നത്. അന്നന്നെ സഭാംഗങ്ങള്‍ വിശ്വാസികളുടെ ഒന്നാം തലമുറ ആയിരുന്നുവല്ലോ. പിന്നെപ്പിന്നെ സഭ വളര്‍ന്നു. നാമധാരികള്‍മാത്രമായ അംഗങ്ങള്‍ക്കും സഭയില്‍ ഇടംകിട്ടി. വിശ്വാസികള്‍ എല്ലാവരും വിശുദ്ധരും വേര്‍തിരിക്കപ്പെട്ടവരും ആയിരിക്കുന്ന അവസ്ഥ ഇങ്ങിനിവരാത്തവണ്ണം അന്തര്‍ദ്ധാനംചെയ്തു.
സന്യാസപ്രസ്ഥാനം സഭയില്‍ രൂപപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ് എന്ന് വിചാരിക്കണം. സാധാരണജീവിതത്തില്‍ ആത്മീയസംതൃപ്തി അനുഭവപ്പെടാതിരുന്നവരുടെ ഈശ്വരോന്മുഖമായ അന്വേഷണം പല കൈവഴികളിലൂടെയാണ് വികസിച്ചത്. ഏകാകികളായി തപസ്‌ചെയ്തവരും സമൂഹമായി തപശ്ചര്യകള്‍ പാലിച്ചവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി നാം അവരെ കാണുന്നു.
ഭാരതീയസന്യാനപാരമ്പര്യം ഏകാകികളുടെ മാതൃകയ്ക്ക് പ്രാധാന്യം നല്‍കി. എന്നാല്‍, ഒരുമിച്ച് ഒരു ആശ്രമാധിപനുകീഴില്‍ കഴിയുന്ന ദയറാകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപകമായിരുന്നു. ഇത് െ്രെകസ്തവസംന്യാസപാരമ്പര്യത്തിലും പ്രകടമാണ്. എന്നാല്‍, ഭാരതസഭയില്‍ പാശ്ചാത്യമാതൃകയിലുള്ള ദയറാകള്‍ ഉണ്ടായിരുന്നില്ല.

പോര്‍ച്ചുഗീസ്മാതൃക അവലംബിച്ച് ചാവറപ്പിതാവടക്കമുള്ളവര്‍ രൂപപ്പെടുത്തിയ സന്യാസമാതൃകയാണ് പിന്നീട് പന്തലിച്ചത്.
എവുപ്രാസ്യമ്മയെ അടയാളപ്പെടുത്തുന്നത് വ്യക്തിഗതമായ ആധ്യാത്മികതയെ സന്യാസസമൂഹത്തിന്റെ ആധ്യാത്മികതയുമാി സമ്യക്കായി യോജിപ്പിക്കുന്ന ഒരു പാലം ആയിട്ടാണ്. ഒമ്പതാമത്തെ വയസില്‍ അതിരഹസ്യമായി കന്യകാത്വസമര്‍പ്പണംനടത്തിയ കുഞ്ഞുറോസ ശരീരത്തിന്റെ കന്യകാത്വമല്ല സമര്‍പ്പിച്ചത്. ശാരീരികമായി കന്യകയായിരിക്കുന്ന അവസ്ഥയും കന്യകാത്വം നഷ്ടപ്പെട്ട അവസ്ഥയും തമ്മില്‍ തിരിച്ചറിഞ്ഞിട്ടല്ല ആ പ്രായത്തില്‍ അവള്‍ കന്യകാത്വപ്രതിജ്ഞചെയ്തത്. ''എനിക്ക് എന്റെ കര്‍ത്താവിനെ മാത്രം മതി'' എന്ന ആധ്യാത്മികോന്മുഖതയാണ് പിന്നീട് കന്യകാത്വപ്രതിജ്ഞയായി സമൂഹം തിരിച്ചറിഞ്ഞത്.

രഹസ്യപൂര്‍ണമായ ആധ്യാത്മികയായിരുന്ന എവുപ്രാസ്യമ്മ തേടിയതും നേടിയതും. കൂനമ്മാവിലെ ''എദുക്കുന്താത്തില്‍''ല്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പന്ത്രണ്ടാമത്തെ വയസില്‍ 'മരണപ്രമാദ'ത്തിലായതും തിരുക്കുടുംബത്തിന്റെ അത്ഭുതദര്‍ശനം ഉണ്ടായതും. കൂനമ്മാവ് മഠത്തിലെ ശ്രേഷ്ഠത്തിയമ്മ ആഞ്ഞസ് പുതുതായി രൂപപ്പെട്ട തൃശ്ശൂര്‍ മെത്രാസനത്തിന്റെ അധ്യക്ഷനായിരുന്ന മാര്‍ യോഹന്നാന്‍ മെത്രാന (ജോണ്‍ മേനാച്ചേരി) അയച്ച കത്ത് തെളിയിക്കുന്നതും മറ്റൊന്നല്ല. ''റോസ എന്ന 12 വയസുള്ള പെണ്‍പൈതല്‍...മരണപ്രമാദത്തിലായി. ഒടുക്കത്തെ ഒപ്രുശുമയും കൊടുത്തു. ഇങ്ങനെ കിടക്കയില്‍ ഇവളുടെ ഉള്ളില്‍ വലിയ ഒരു ആഗ്രഹം തോന്നുകയും ഉണ്ണിഈശോമിശിഹായും ദൈവമാതാവും യൗസേപ്പിതാവും ഇപ്പോള്‍ വരും എന്നൊരു ഇമ്പമുള്ള സ്വരംകേള്‍ക്കുകയുംചെയ്തു.

ഇതോടെ ഹൃദയത്തില്‍ മഹാസന്തോഷം ഉണ്ടാകുകയും കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിച്ച് നോക്കുകയും ചെയ്തിരുന്നു...ഈ കാഴ്ച കണ്ടതിനോടെ...ഒരു കാഴ്ചകാണുന്നപ്രകാരം നോക്കിയിരുന്നതും, ശേഷമെല്ലാം മറന്നുകൊണ്ട് ഒരു വിഷയത്തിന്മേല്‍ ചിന്തയായി പരവശപ്പെടുന്ന ഭാവവും മുഖത്തൊരു വിശേഷഅഴകും, സ്‌നേഹഇളക്കവും അവിടെ നിന്നിരുന്നവര്‍ സൂക്ഷ്മമായിട്ട് കാണുകയുംചെയ്തു...ഈ കാഴ്ച ഏകദേശം മുക്കാല്‍മണിക്കൂര്‍നേരം ഉണ്ടായിരുന്നു...ഈ കാഴ്ചയുടെ സമയം ഉണ്ടായിരുന്ന പരിമളം ഇന്നവിധം ഒപ്പിച്ചു പറയുവാന്‍ ഒന്നുമില്ല. മറയപ്പെട്ടതിന്റെശേഷം നാലഞ്ച് നാഴികയോളം ഈ മണം ഉണ്ടായിരുന്നു...ഈ കാഴ്ചയുടെ...ആ ദിവസങ്ങളില്‍ത്തന്നെ എഴുതിവച്ചിട്ടുള്ള സംഗതികളാണ്.''

എവുപ്രാസ്യമ്മയെ അനാരോഗ്യംകാരണം മഠത്തിലെടുക്കാതെ വിടാന്‍ നിശ്ചയിച്ചിരുന്നതാണ്. ''ടി. സംഭവംകൊണ്ടും കുട്ടിയുടെ അടക്കവും ഭക്തിയും ക്രമവും മറ്റുംകൊണ്ടുമാണ് പിന്നീട് കൈക്കൊള്ളുവാന്‍ സമ്മതിച്ചത്'' എന്ന് മഠം ശ്രേഷ്ഠത്തി.

എവുപ്രാസ്യമ്മ


*1877 ഒക്ടോബര്‍ 7തൃശൂര്‍ കാട്ടൂര്‍ എടത്തുരുത്തി ഇടവകയില്‍ എലവത്തുങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണികുഞ്ഞേത്തി ദമ്പതികളുടെ മകളായി ജനനം.റോസ എന്ന് മാമോദീസാപ്പേര്.
*1888 ജൂലായ് 3 കന്യാസ്ത്രീയാകാനുള്ള ആഗ്രഹത്തോടെ കൂനമ്മാവ് ബോര്‍ഡിങ്ങില്‍.
*1887 മെയ് 10 ശിരോവസ്ത്ര സ്വീകരണം. ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യാമ്മ എന്ന പേര് സ്വീകരിച്ചു.
*1898 ജനവരി 10തൃശൂര്‍ മെത്രാന്‍ ജോണ്‍ മേനാച്ചേരിയില്‍ നിന്ന് സഭാവസ്ത്രം സ്വീകരിച്ചു.
*1900 മെയ് 24ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ വെച്ച് നിത്യവ്രത വാഗ്ദാനം
*1913 ഏപ്രില്‍ 29ഒല്ലൂര്‍ സെന്റ് മേരീസ് മഠാധിപയായി.1916 ഏപ്രില്‍ 14 വരെ പദവിയില്‍ തുടര്‍ന്നു.
*1952 ആഗസ്ത് 29എവുപ്രാസ്യാമ്മയുടെ ചരമം.
*1986 സപ്തംബര്‍ 27നാമകരണ നടപടികള്‍ തുടങ്ങി
*2002 ജൂലായ് 5ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എവുപ്രാസ്യാമ്മയെ റോമില്‍ ധന്യയായി പ്രഖ്യാപിച്ചു.
*2006 ഡിസംബര്‍ 3മാര്‍ വര്‍ക്കി വിതയത്തില്‍ ഒല്ലൂരില്‍ വെച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
*2014 ഏപ്രില്‍ 3 വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് പാപ്പ സ്ഥിരീകരിച്ചു.



1
chavara photos download

 

ga
more videos

 

CHAVARA BOOK
chavaraachan wishes