യുഗപുരുഷന്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി Posted on: 23 Nov 2014

പത്താമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനനായകരുടെ നിരയില്‍ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന് സവിശേഷ ഇടമുണ്ട്.

കേരളത്തിന്റെ മത, സാമുഹിക, സാംസ്‌കാരിക, സാഹിത്യ, രംഗങ്ങളില്‍ പങ്കുവെച്ച സംഭാവനകളെ പഠിച്ചറിഞ്ഞവര്‍ കാലാകാലങ്ങളില്‍ നല്‍കിയ പേരുകളിലൂടെ ഞാനദ്ദേഹത്തിന്റെ സംഭാവനകളെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു.
കര്‍മ്മയോഗി, വൈദികപരിശീലകനായ മല്പാന്‍, സന്യസ്തരുടെ പിതാവ്, വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്, പ്രസിദ്ധീകരണ വിധാതാവ്, നവോത്ഥാന നായകന്‍, ബഹുഭാഷാപരിചിതന്‍, മലയാള സാഹിത്യത്തിന്റെ മുതല്‍ക്കൂട്ട്, സ്ത്രീജനോദ്ധാരകന്‍, സാധുജന സംരക്ഷകന്‍, കുടുംബങ്ങളുടെ മദ്ധ്യസ്ഥന്‍, പ്രേഷിതാചാര്യന്‍, സഭൈക്യ പ്രണേതാവ്, മാര്‍പാപ്പായാലും മെത്രാന്മാരാലും ആദരണീയന്‍, ദൈവാരൂപിയുടെ മേലൊപ്പുള്ള മനുഷ്യന്‍... ഈ പേരുകള്‍ ഒന്നുചേരുമ്പോള്‍ ലഭിക്കുന്ന വ്യക്തിത്വരൂപമാണ് ചാവറപിതാവ്.

1829ല്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ മൗറേലിയൂസ് സ്തബിലീനി മെത്രാനില്‍നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. പാലക്കല്‍, പോരൂക്കര തോമാ മല്പാന്‍മാരുടെ സഹകരണത്തോടെ 1931ല്‍ മാന്നാനത്ത് ഭാരതത്തിലെ ആദ്യത്തെ സന്യാസസഭ ആരംഭിച്ചു. മാന്നാനത്തു സംസ്‌കൃത സ്‌ക്കൂളും അച്ചടിപ്രസ്സും ആരംഭിച്ചത് 1846ലാണ്. 1855ല്‍ മറ്റു പതിനൊന്നു വൈദികരോടുകൂടി വ്രതബദ്ധരായി സന്യാസ ജീവിതം കാനോനികമായി ആരംഭിച്ചു.

1861ല്‍ കേരള സുറിയാനി കത്തോലിക്കസഭയില്‍ ഉണ്ടായ ഒരു ശിശ്മയെ തടയുന്നതിനായി ചാവറപിതാവിനെ വരാപ്പുഴ അപ്പസ്‌തോലിക്ക് വികാര്‍ വികാരിജനറാളായി നിയമിച്ചു. അദ്ദേഹം മാര്‍പാപ്പായോടു ആലോചിച്ചു ശിശ്മമെത്രാന്‍ റോക്കോസിനെ ബാഗ്ദാദിലേക്ക് തിരിച്ചയക്കുകയും സഭയുടെ ഐക്യം നിലനിര്‍ത്തുകയും ചെയ്തു. 1866ല്‍ സ്ത്രീകള്‍ക്കുള്ള മഠം കൂനമ്മാവിലും 1869ല്‍ അഗതികള്‍ക്കുള്ള ഉപവിശാല കൈനകരിയിലും സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തു. അദ്ദേഹം രചിച്ച ആത്മാനുതാപം, ധ്യാനസല്ലാപങ്ങള്‍, മരണവീട്ടില്‍ പാടുവാനുള്ള പാന, അനസ്ത്യാസ്യായുടെ രക്തസാക്ഷ്യം, നാളാഗമം, ലഘുനാടകങ്ങളായ ഇടയനാടകങ്ങള്‍, ഒരു നല്ല അപ്പന്റെ ചാവരുള്‍, പലവിധ ആരാധന ക്രമങ്ങള്‍ ഇവയെല്ലാം മലയാളഭാഷക്കുള്ള അദ്ദേഹത്തിന്റെ വലിയ സംഭാവനകളും സഭാനവീകരണരംഗത്തെ ഉപാധികളുമാണ്.

വിദ്യാഭ്യാസരംഗത്ത് ഉച്ചനീചത്വങ്ങളുടെയും അയിത്താചാരങ്ങളുടെയും മറനീക്കി പൊതുവിദ്യാഭ്യാസത്തിന് അദ്ദേഹം തുടക്കംകുറിച്ചു. കേരളത്തിലാദ്യമായി സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി സമ്പ്രദായം നടപ്പിലാക്കിയതും അദ്ദേഹമാണ്.

ചാവറപിതാവ് 1869ല്‍ കുട്ടനാടിലെ കൈനകരിയിലാരംഭിച്ച ഉപവിശാല എന്ന ധര്‍മ്മസ്ഥാപനമായിരുന്നു അഗതികള്‍ക്കുവേണ്ടി ആരംഭിച്ച ആദ്യ അഭയകേന്ദ്രം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളിലെല്ലാം പ്രവര്‍ത്തിക്കുവാന്‍ വൈദികരെയും സന്യസ്തരെയും ജനങ്ങളെയും ഒരുക്കുവാന്‍ നേതൃത്വമെടുത്തു എന്നതാണ് ചാവറപിതാവിന്റെ വലിയ സംഭാവന.

മലയാള സാഹിത്യരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.അദ്ദേഹം രചിച്ച പത്തു ഇടയനാടകങ്ങളാണ് ഇന്ത്യന്‍ ഭാഷകളില്‍ തന്നെയുള്ള ആദ്യ അവതരണ ലഘുനാടകങ്ങള്‍. അദ്ദേഹം എഴുതിയ 'അനസ്ത്യായുടെ രക്തസാക്ഷ്യം' ആണ് ലക്ഷണമൊത്ത ആദ്യ മലയാള ഖണ്ഡകാവ്യമായി പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന പാലക്കല്‍ തോമാ മല്പാനെക്കുറിച്ച് എഴുതിയ ജീവചരിത്രമായിരുന്നു ഒരു മലയാളി, മലയാളിയെക്കുറിച്ച് എഴുതിയ ആദ്യജീവചരിത്രം.

നൂറ്റാണ്ടുകളിലുടെയുള്ള മാറ്റങ്ങളിലൂടെ വളര്‍ന്നുവന്ന സീറോ മലബാര്‍സഭയില്‍ 19ാം നൂറ്റാണ്ടില്‍ ചാവറപിതാവു നല്‍കിയ നേതൃത്വവും തനിമയുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചിരിക്കുന്നത്.

ചാവറപിതാവിനെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വീകാര്യനാക്കുന്നത് അദ്ദേഹം 1868ല്‍ എഴുതിയ കുടുംബങ്ങള്‍ക്കുകൊടുത്ത മാര്‍ഗരേഖയാണ്. കുടുംബങ്ങളില്‍ മാതാപിതാക്കളുടെയും മക്കളുടെയും കടമകളും വ്യക്തികളില്‍ വളര്‍ത്തിയെടുക്കേണ്ട സനാതനമുല്യങ്ങളും എന്തൊക്കെയാണെന്ന് അദ്ദേഹം അക്കമിട്ടെഴുതിയിട്ടുണ്ട്.

ചാവറയച്ചന്‍

*1805 ഫിബ്രവരി 10ആലപ്പുഴ കൈനകരിയില്‍ ജനനം
*1829 നവംബര്‍ 29അര്‍ത്തുങ്കല്‍ പള്ളിയില്‍ പൗരോഹിത്യ സ്വീകരണം
*1831മെയ്11 ഭാരതത്തിലെ ആദ്യ തദ്ദേശീയ സംന്യാസസഭയായ സി.എം.ഐ സഭ പാലയ്ക്കല്‍ തോമസ് മല്‍പ്പാനോടും പോരൂക്കര തോമസ് മല്പ്പാനോടുമൊപ്പം സ്ഥാപിച്ചു.
*1846സി.എം.ഐ.സഭയുടെ ആദ്യ പ്രിയോര്‍ ജനറലായി
*1861കേരള സുറിയാനി കത്തോലിക്കസഭയടെ വികാരി ജനറാളായി
*1866 ഫിബ്രവരി 13നിഷ്പാദുക കര്‍മ്മലീത്താ മൂന്നാം സഭ എന്ന പേരില്‍ ലിയോപ്പോള്‍ദ് മിഷനറിക്കൊപ്പം ആദ്യത്തെ തദ്ദേശീയ സംന്യാസിനി സഭക്ക് തുടക്കമിട്ടു.ഇതാണ് പിന്നീട്.സി.എം.സി,സി.ടി.സി. സംന്യസിനി സഭകളായി വളര്‍ന്നത്.
*1868 ഫിബ്രവരി 13ഒരു നല്ല അപ്പന്റെ ചാവരുള്‍ എന്ന പേരില്‍ പ്രശസ്തമായ കുടുംബചട്ടം എഴുതി നല്‍കി
*1871 ജനവരി 3ആത്മത്തിനുവേണ്ട കൂദാശകള്‍ സ്വീകരിച്ച് കൂനമ്മാവില്‍ വെച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
*1889 മെയ് 24പൂജ്യാവശിഷ്ടങ്ങള്‍ മാന്നാനം ആശ്രമദേവാലയത്തില്‍ പ്രതിഷ്ഠിച്ചു.
*1984 ഏപ്രില്‍ 7റോമില്‍വച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ധന്യനായി പ്രഖ്യാപിച്ചു.
*1986 ഫിബ്രവരി 8കോട്ടയത്തുവെച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
*1987 ഡിസംബര്‍ 20രാഷ്ട്രപതി ആര്‍.വങ്കിട്ടരാമന്‍ തിരുവന്തപുരത്തുവെച്ച് ചാവറ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
*2014 ഏപ്രില്‍ 3വാഴ്ത്തപ്പെട്ട ശേഷം ചാവറയച്ചന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‌സീസ് പാപ്പ അംഗീകരിച്ചു.



1
chavara photos download

 

ga
more videos

 

CHAVARA BOOK
chavaraachan wishes