വിക്കിപീഡിയയില്‍ 'തിരുത്തല്‍ യുദ്ധം'

Posted on: 19 Jul 2013




പ്രാദേശികമായും ആഗോളതലത്തിലും വിവാദമായ വിഷയങ്ങള്‍ സംബന്ധിച്ച് വിക്കിപീഡിയയില്‍ 'എഡിറ്റിങ് യുദ്ധം' തന്നെ നടക്കുന്നതായി പഠനം.

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ ഏറ്റവും വലിയ 'തിരുത്തല്‍പോര്' നടക്കുന്നത്, മുന്‍ യു.എസ്.പ്രസിഡന്റ് 'ജോര്‍ജ് ഡബ്ല്യു.ബുഷ്', 'anarchism' (അരാജകത്വം) എന്നിവ സംബന്ധിച്ച ലേഖനത്തിലാണത്രേ.

ഇംഗ്ലീഷ് ഉള്‍പ്പടെ വിക്കിപീഡിയയുടെ പത്ത് ഭാഷാ എഡിഷനുകളിലെ പേജ് എഡിറ്റുകള്‍ വിശകലനം ചെയ്തപ്പോഴാണ്, വിക്കിപീഡിയയില്‍ നടക്കുന്ന നിശബ്ദയുദ്ധത്തെക്കുറിച്ച് ഗവേഷകര്‍ മനസിലാക്കിയത്.

ചില വിഷയങ്ങള്‍ പ്രാദേശികതലത്തിലാണ് വിവാദമാകുന്നതെങ്കില്‍, 'ജീസസ്', 'ദൈവം' തുടങ്ങിയ വിഷയങ്ങളില്‍ ആഗോളതലത്തില്‍ തന്നെ തര്‍ക്കങ്ങള്‍ പൊടിപൊടിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും മറ്റ് മൂന്ന് സ്ഥാപനങ്ങളിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 'എഡിറ്റിങ് യുദ്ധ'ത്തിന്റെ സ്വഭാവം മനസിലാക്കാന്‍, വിക്കിപീഡിയ പേജുകളില്‍ വരുത്തിയ മാറ്റങ്ങളുടെ ലോഗുകള്‍ (logs) വിശകലനം ചെയ്തായിരുന്നു പഠനം.

കൂടുതല്‍ തിരുത്തലുകളുണ്ടായ പേജുകളെ അപേക്ഷിച്ച്, എഡറ്ററര്‍മാര്‍ തിരുത്തലുകള്‍ ഒഴിവാക്കിയ പേജുകള്‍ കണ്ടെത്തുകയാണ് വിവാദവിഷയങ്ങള്‍ തിരിച്ചറിയാനുള്ള മാര്‍ഗമെന്ന് ഗവേഷകര്‍ മനസിലാക്കി.

ഒരു വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മാറ്റങ്ങളുണ്ടാകുമ്പോള്‍, സ്വാഭാവികമായും ആ വിഷയത്തില്‍ തിരുത്തലുകളും കൂടുതലുണ്ടാകും - പഠനറിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഒരു പേജില്‍ വാക്കുകളും പ്രയോഗങ്ങളും തുടര്‍ച്ചയായി ഒഴിവാക്കപ്പെടുകയോ, പുനസ്ഥാപിക്കപ്പെടുകയോ ചെയ്യുന്നത് വിവാദത്തിന്റെ സൂചനയാണ്.

ഇംഗ്ലീഷ്, സ്പാനിഷ്, പേര്‍ഷ്യന്‍, അറബിക്, ചെക്ക് തുടങ്ങി പത്ത് ഭാഷകളില്‍ വിക്കിപീഡിയ എഡിഷനുകളിലെ ലക്ഷക്കണക്കിന് ലേഖനങ്ങള്‍ ഗവേഷകര്‍ വിശകലന വിധേയമാക്കി. വരുത്തിയ മാറ്റങ്ങള്‍ എഡിറ്റര്‍മാര്‍ തുടര്‍ച്ചയായി ഒഴിവാക്കിയത് ഏതൊക്കെ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പേജുകളിലായിരുന്നു എന്നാണ് പരിശോധിച്ചത്. 2010 ല്‍ പ്രസിദ്ധീകരിച്ച ഡേറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്.

വിശകലനം ചെയ്ത പത്ത് വിക്കിപീഡിയ എഡിഷനുകളിലെ ഏറ്റവും വിവാദമായ വിഷയങ്ങള്‍ ഇവയാണ് - ഇസ്രായേല്‍ , അഡോള്‍ഫ് ഹിറ്റ്‌ലര്‍ , ഹോളോകോസ്റ്റ്,
ദൈവം.

ഇവ കൂടാതെ 'പ്രവാചകന്‍ മുഹമ്മദ്', 'ക്രിസ്ത്യാനിറ്റി' തുടങ്ങിയവയുടെ പേരിലും വിക്കിപീഡിയയില്‍ തുടര്‍ച്ചയായി എഡിറ്റിങ് യുദ്ധം നടക്കുന്നതായി പഠനം പറയുന്നു. പല പ്രാദേശിക വിഷയങ്ങളും ഇത്തരം തിരുത്തല്‍ യുദ്ധത്തിന് വഴി തുറക്കുന്നുണ്ട് (കടപ്പാട് : ബി.ബി.സി. ന്യൂസ്).


Stories in this Section