അകലെ ഗ്ലാസ് മഴ പെയ്യുന്ന ഒരു നീലഗ്രഹം !

Posted on: 12 Jul 2013




ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെ 'ഗ്ലാസ് (സിലിക്കേറ്റ്) മഴ' പെയ്യുന്ന ഒരു ഗ്രഹം ഗവേഷകര്‍ കണ്ടെത്തി. മഴയുടെ ഫലമായി ഗ്രഹം കടുംനീലനിറത്തിലാണ് കാണപ്പെടുന്നത്.

ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ യഥാര്‍ഥ നിറം ഗവേഷകലോകം മനസിലാക്കുന്നത് ആദ്യമായാണ്. ഹബ്ബിള്‍ ബഹിരാകാശ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണമാണ് കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. അതിന്റെ വിശദാംശങ്ങള്‍ 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സ്' പ്രസിദ്ധീകരിക്കും.

HD 189733b എന്ന നാമത്തില്‍ അറിയപ്പെടുന്ന വിദൂരലോകത്തെ ഗ്രഹത്തിനാണ് നീലനിറമുള്ളതായി മനസിലാക്കിയത്. ഗ്രഹാന്തരീക്ഷത്തിലെ സിലിക്കേറ്റ് മഴ മൂലമുള്ള പ്രകാശത്തിന്റെ വിസരണമാണ് ഗ്രഹത്തിന് നീലനിറം നല്‍കുന്നതത്രേ.

ആയിരം ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവുള്ള ഗ്രഹാന്തരീക്ഷത്തില്‍ സിലിക്കേറ്റ് മഴ മാത്രമല്ല, മണിക്കൂറില്‍ 7000 കിലോമീറ്റര്‍ കാറ്റും വീശുന്നുണ്ട്.

63 പ്രകാശവര്‍ഷമകലെയാണ് നീലഗ്രഹമെങ്കിലും, പ്രപഞ്ചത്തില്‍ ഭൂമിക്ക് ഏറ്റവും സമീപത്തുള്ള അന്യഗ്രഹങ്ങളില്‍ ഒന്നാണത്. മാതൃനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നു പോകുന്നത് (ഗ്രഹസംതരണം നടക്കുന്നത്) ഭൂമിയില്‍നിന്ന് ടെലസ്‌ക്കോപ്പുകള്‍ വഴി നിരീക്ഷിക്കാന്‍ സാധിക്കും. അത്തരം നിരീക്ഷണങ്ങളാണ്, ഗ്രഹത്തിന്റെ നിറം നിര്‍ണയിക്കാന്‍ ഗവേഷകര്‍ക്ക് തുണയായത്.

ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച ഗവേഷകസംഘം, HD 189733 എന്ന മാതൃനക്ഷത്രത്തിന്റെ പ്രകാശത്തില്‍ നിന്ന്, ഗ്രഹത്തിന്റെ പ്രകാശം വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിച്ചു. ഹബ്ബിളിലെ സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫാണ് അതിന് സഹായിച്ചതെന്ന് നാസ അറിയിച്ചു.

ഹബ്ബിളിലെ സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് വിദൂരഗ്രഹത്തിന്റെ നിറം വേര്‍തിരിച്ചെടുത്തത്‌


ഒരു അന്യഗ്രഹത്തിന്റെ പ്രകാശം ഇത്തരത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് ആദ്യമായാണെന്ന്, എക്സ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫ.ഫ്രെഡറിക് പോന്റ് പറഞ്ഞു.

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഭൂമി നീലനിറത്തില്‍ കാണപ്പെടാന്‍ കാരണം, ചുവപ്പ്, പച്ച നിറങ്ങള്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുകയും നീലനിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് മൂലമാണ്.

എന്നാല്‍ , വിദൂര ഗ്രഹത്തിന്റെ നീലനിറത്തിന് കാരണം സമുദ്രങ്ങളല്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പ്രക്ഷുബ്ദമായ ഗ്രഹാന്തരീക്ഷവും അന്തരീക്ഷത്തില്‍ പതിച്ചുകൊണ്ടിരിക്കുന്ന സിലിക്കേറ്റ് കണങ്ങളുമാകാം അതിന് കാരണമെന്ന് അവര്‍ കരുതുന്നു. സിലിക്കേറ്റ് കണങ്ങള്‍ നീലപ്രകാശത്തിന് കൂടുതല്‍ വിസരണമുണ്ടാക്കും, ഗ്രഹം അതിനാല്‍ നീലനിറത്തില്‍ കാണപ്പെടുന്നു.
TAGS:
astronomy  |  science  |  exoplanet  |  glass rain  |  silicate  |  hubble space telescope 


Stories in this Section