സ്ത്രീകള്‍ക്കായി 'ബ്ലിങ്-3'

Posted on: 06 Aug 2013


-അമേയ എസ്. രാജ്‌




മൈക്രോമാക്‌സിന്റെ ബ്ലിങ് പരമ്പരയിലെ ഏറ്റവും പുതിയ മോഡല്‍ 'ബ്ലിങ്-3 എ 86' ഓണ്‍ലൈന്‍ വിപണിയില്‍ എത്തി. സ്ത്രീകളെയാണ് ഫോണ്‍ ലക്ഷ്യമിടുന്നതെന്ന് ഡിസൈനില്‍നിന്ന് വ്യക്തം.

ക്രിസ്റ്റല്‍ നിര്‍മിത ഹോം ബട്ടണാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. സ്‌ക്രീനിന്റെ താഴെ നടുവിലാണ് ഇതിന്റെ സ്ഥാനം. ഒരു ക്രിസ്റ്റല്‍ ബട്ടണും അതിന് ചുറ്റും ചെറുക്രിസ്റ്റലുകള്‍ കൊണ്ടുള്ള വലയവുമുണ്ട്.

അന്താരാഷ്ട്ര ബ്രാന്‍ഡായ സ്വരോവ്‌സ്‌കി കമ്പനിയുടെ സിര്‍കോണിയ ക്രിസ്റ്റലുകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പിന്‍കവറും പതിവില്‍നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്.


ഒറ്റനോട്ടത്തില്‍ 'ലക്ഷ്വറി ലുക്ക്' ഉണ്ടാക്കുന്ന ഫോണിന്റെ മറ്റ് സവിശേഷതകള്‍ അത്ര ആകര്‍ഷകമല്ല. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഫോണുമായി താരതമ്യം ചെയ്യുമ്പോഴാണിത്. പുതിയൊരു ഫോണ്‍ ഇറങ്ങുമ്പോള്‍ നൂതനസങ്കേതങ്ങള്‍ പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഡിസൈനിലെ വ്യത്യസ്തതയില്‍ മാത്രമാണ് മൈക്രോമാക്‌സ് ഊന്നല്‍ നല്‍കിയതെന്ന് വ്യക്തം.

നാലിഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, വണ്‍ ജിഗാ ഹെട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിങ് സിസ്റ്റം, 1600 എം.എ.എച്ച്. ബാറ്ററി, അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.


സ്‌ക്രീന്‍ റെസല്യൂഷന്‍, ഇന്റേണല്‍ മെമ്മറി എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, 32 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് ശേഷി വര്‍ധിപ്പിക്കാനാകുമെന്നും ഫോണ്‍ വില്പനയ്‌ക്കെത്തിച്ച ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.

9,599 രൂപയാണ് ഫോണിന് വിലയിട്ടിരിക്കുന്നത്. മൈക്രോമാക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. snapdeal.com എന്ന വെബ്‌സൈറ്റില്‍ മാത്രമാണ് ഫോണിനായുള്ള ബുക്കിങ് നടക്കുന്നത്. മറ്റ് പ്രധാന ഓണ്‍ലൈന്‍ വിപണന വെബ്‌സൈറ്റുകളില്‍ 'ഉടന്‍ വിപണിയിലെത്തുന്നു' എന്ന രീതിയിലാണ് 'ബ്ലിങ്-3' അവതരിപ്പിച്ചിരിക്കുന്നത്.


Stories in this Section