-സി. സാന്ദീപനി
മികച്ച ചിത്രങ്ങള്‍ വേണമെന്ന നിര്‍ബന്ധമുള്ളവര്‍ക്ക് ഫോട്ടോഷൂട്ട് എളുപ്പമുള്ള പണിയല്ല. എന്നാല്‍ 'സ്‌ക്വിറ്റോ' (Squito) എന്ന പന്തിന്റെ രൂപത്തിലുള്ള ക്യാമറ കൈയിലുള്ളവര്‍ക്ക് അതേക്കുറിച്ച് ടെന്‍ഷനേ വേണ്ട. പന്തിന്റെ ആകൃതിയുള്ള ആ ക്യാമറ വലിച്ചെറിയുക; അതുമാത്രം മതി, ഷൂട്ടിങ് നടന്നോളൂം!
വലിച്ചെറിയുമ്പോള്‍ അതിനകത്തെ സെന്‍സറിലൂടെ 'ക്യാമറപന്ത്' അക്കാര്യം മനസ്സിലാക്കും. ഉടനെ ജോലി തുടങ്ങുകയും ചെയ്യും. മുകളില്‍ പോയി തിരിച്ച് കൈയിലെത്തുന്നതുവരെയുള്ള സമയത്ത് പന്തിനകത്തെ മൂന്ന് ക്യാമറകള്‍ ധ്രുതഗതിയിലുള്ള ചുറ്റുമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കും.
360 ഡിഗ്രി പനോരമിക് ഹൈഡെഫനിഷന്‍ ക്യാമറയാണിത്. അതുകൊണ്ട് വിശാലദൃശ്യങ്ങള്‍ മിഴിവോടെ പകര്‍ത്താന്‍ ക്യാമറപന്തിനാകും. നിശ്ചലദൃശ്യങ്ങളോ വീഡിയോയോ ഏതുവേണമെങ്കിലും എടുക്കാം. എടുത്തചിത്രങ്ങള്‍ പിന്നീട് കമ്പ്യൂട്ടറിലേക്കോ ഫോണിലേക്കോ മാറ്റുകയും ചെയ്യാം.
ബോസ്റ്റണ്‍ സ്വദേശിയായ സ്റ്റീവ് ഹോളിഞ്ചര്‍ ആണ് ക്യാമറപന്ത് രൂപകല്‍പ്പന ചെയ്തത്. വിനോദവേളകളില്‍ ഇത് രസകരമായി ഉപയോഗിക്കാം. താഴെനിന്നുതന്നെ ഉയരത്തിലുള്ള ഫോട്ടോകള്‍ നിഷ്പ്രയാസം എടുക്കാന്‍ കഴിയുന്നു എന്നത് ഇതിന്റെ മേന്മയാണ്.