ലണ്ടന്‍: ട്വിറ്ററിലെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്ക് മൂക്കുകയറിടാന്‍ അധികൃതര്‍ നിയമം കൊണ്ടുവരുന്നു. അശ്ലീലവും ഭീഷണിയും കലര്‍ന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ബ്രിട്ടനിലെ ഒട്ടേറെ പ്രശസ്ത വനിതകളുടെ നിരന്തര പരാതിയെത്തുടര്‍ന്നാണിത്.
അസഭ്യപ്രയോഗത്തിനെതിരെ ഒറ്റ ക്ലിക്കിലൂടെ ഇരകള്‍ക്ക് പരാതിപ്പെടാമെന്നും അവഹേളനപരമായ പെരുമാറ്റരീതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ അറിയിപ്പ് പറയുന്നു.
ട്വിറ്ററിലൂടെ അവഹേളനങ്ങള്‍ക്കിരയായ വനിതകളോട് ജനറല്‍ മാനേജര്‍ ടോണി വാങ് ക്ഷമാപണവും നടത്തി.
ഒറ്റ ക്ലിക്കില്‍ അവഹേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ബട്ടണ്‍ ട്വിറ്റര്‍ അതിനായി അവതരിപ്പിക്കും. മാത്രമല്ല, അശ്ലീലവും ഭീഷണിയും കലര്‍ന്ന പരാമര്‍ശങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്ന നിയമങ്ങളും ട്വിറ്റര്‍ നടപ്പിലാക്കുമെന്ന് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.
ഒറ്റ ക്ലിക്കിന് ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാല്‍, ഇപ്പോഴത്തേതുപോലെ ഇത്തരം കാര്യങ്ങള്‍ക്ക് ട്വിറ്ററിന്റെ ഹെല്‍പ്പ് സെന്ററിലെത്തി പ്രത്യേക ഫോറം പൂരിപ്പിക്കുക തുടങ്ങിയ പൊല്ലാപ്പുകള്‍ ഒഴിവാകുമെന്നര്‍ഥം.
മാത്രമല്ല, ഇത്തരം സന്ദേശങ്ങള്‍ നീക്കംചെയ്യാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.