നെപ്ട്യൂണിന്റെ പതിനാലാമത്തെ ഉപഗ്രഹം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രഖ്യാപിച്ചു. നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് 19.3 കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള ചെറു ഉപഗ്രഹത്തെ കണ്ടെത്തിയത്.
ഹബ്ബിള്‍ പകര്‍ത്തിയ ദൃശ്യങ്ങളുപയോഗിച്ച് 'സേതി' ഇന്‍സ്റ്റിട്ട്യൂട്ടിലെ ( SETI Institute ) മാര്‍ക്ക് ഷൊവാല്‍ട്ടറാണ് പുതിയ ഉപഗ്രഹം തിരിച്ചറിഞ്ഞത്. S/2004 N 1 എന്ന് കോഡുനാമം നല്‍കിയിട്ടുള്ള അത് നെപ്ട്യൂണിന്റെ ഏറ്റവും ചെറിയ ഉപഗ്രഹമാണ്.
ഹബ്ബിള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് നെപ്ട്യൂണിന്റെ വലയങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ഷെവാല്‍ട്ടര്‍. അപ്പോഴാണ് ഒരു വെള്ളപ്പൊട്ട് ദൃഷ്ടിയില്‍പെട്ടത്. നെപ്യൂണില്‍നിന്ന് 105,250 കിലോമീറ്റര്‍ അകലെയാണ് അത് കാണപ്പെട്ടത്.
2004-2009 കാലത്ത് ഹബ്ബിള്‍ ടെലസ്‌കോപ്പ് പകര്‍ത്തിയ 150 ലേറെ ദൃശ്യങ്ങളുപയോഗിച്ച് ആ വെള്ളപ്പൊട്ടിന്റെ നീക്കം ഷെവാല്‍ട്ടര്‍ പരിശോധിച്ചതില്‍ നിന്നാണ്, അതൊരു ഉപഗ്രഹമാണെന്ന നിഗമനത്തിലെത്തിയത്.
1989 ല്‍ നാസയുടെ
വോയജര്‍ 2 ബഹിരാകാശ പേടകം നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളെയും വലയങ്ങളെയും നിരീക്ഷിച്ചിരുന്നു. അന്ന് വോയജറിന്റെ ദൃഷ്ടിയില്‍ പെടാതെ പോയതാണ് ഇപ്പോള്‍ കണ്ടെത്തിയ ചെറുഉപഗ്രഹമെന്ന് നാസ അറിയിച്ചു.
നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ കാണുന്ന ഏറ്റവും മങ്ങിയ നക്ഷത്രത്തെ പരിഗണിച്ചാല്‍, അതിന്റെ പത്തുകോടിയിലൊരംശം തിളക്കമേ പുതിയതായി കണ്ടെത്തിയ ഉപഗ്രഹത്തിനുള്ളൂവെന്നും നാസ പറയുന്നു.
ചെറുഉപഗ്രഹം ഓരോ 23 മണിക്കൂറിലും നെപ്ട്യൂണിനെ ഒരുതവണ പരിക്രമണം ചെയ്യുന്നതായും പഠനത്തില്‍ കണ്ടെത്തി.