ആരോഗ്യമാണ് പ്രധാനം, മറ്റെന്തിനെക്കാളും. എന്തുകഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു, എത്രമാത്രം കഴിയുന്ന തുടങ്ങിയ കാര്യങ്ങളാണ് ഒരാളുടെ ആരോഗ്യത്തില്‍ പരമപ്രധാനം. ഇക്കാര്യം മുന്‍നിര്‍ത്തി ഒരു 'സ്മാര്‍ട്ട് ടൂത്ത് സെന്‍സര്‍' സംവിധാനത്തിന് രൂപംനല്‍കിയിരിക്കുകയാണ് തയ്‌വാനിലെ ഗവേഷകര്‍.
കൃത്രമപ്പല്ലുകളെ സ്മാര്‍ട്ട് പല്ലുകളാക്കി മാറ്റുകയും, നമ്മള്‍ എന്തെങ്കിലും ചവയ്ക്കുന്ന വേളയില്‍ അത് നിരീക്ഷിച്ച് വിവരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ പാകത്തിലാണ് പുതിയ സംവിധാനം. കൃത്രിമ പല്ലുകളില്‍ ഘടിപ്പിക്കുന്ന ചെറുസെന്‍സറോ ബ്ലൂടൂത്തോ വഴി വയര്‍ലസ്സായി വിവരങ്ങള്‍ നല്‍കുന്ന തരത്തില്‍ ഇതു രൂപപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ചവയ്ക്കുക മാത്രമല്ല, സംസാരിക്കുകയും, ചുമയ്ക്കുകയുമൊക്കെ ചെയ്യുമ്പോഴും 'സെന്‍സര്‍ സംവിധാന'ത്തിന് അത് നിരീക്ഷിക്കാന്‍ സാധിക്കും. തങ്ങള്‍ രൂപപ്പെടുത്തിയ പ്രാഥമികരൂപം പരീക്ഷിച്ചപ്പോള്‍, ഈ സംവിധാനത്തിന്റെ നിരീക്ഷണം 93.8 ശതമാനവും ശരിയായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
കൃത്രിമപ്പല്ലില്‍ ഘടിപ്പിക്കുന്ന സെന്‍സറിലെ ചെറു ആക്‌സലറോമീറ്റര്‍ വായയുടെ ചലനങ്ങള്‍ മനസിലാക്കും. തായ്‌പെയിയില്‍ നാഷണല്‍ തയ്‌വാന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രൂപംനല്‍കിയ ആദ്യരൂപത്തില്‍ ചെറു വയറുകള്‍ വഴിയാണ് വിവരങ്ങള്‍ പുറത്ത് ലഭ്യമാക്കുന്നത്.
ഇതിന്റെ പുതിക്കിയ രൂപങ്ങള്‍ വയര്‍ലെസ്സ് ആക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. റീച്ചാര്‍ജബിള്‍ ബാറ്ററി ഉപയോഗിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
വായ്ക്കുള്ളിലെ നിരീക്ഷണത്തിന് ആരോഗ്യസംരക്ഷണത്തിന്റെ ഒട്ടേറെ മേഖലകളില്‍ പ്രയോജനം ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു. സപ്തംബറില്‍ നടക്കുന്ന 'ഇന്റര്‍നാഷണല്‍ സിംപോസിയം ഓണ്‍ വിയറബിള്‍ കമ്പ്യൂട്ടേഴ്‌സി'ല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഗവേഷകര്‍ അവതരിപ്പിക്കും. (കടപ്പാട് : Mashable)