ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സ്റ്റാറ്റസ് സിംബലായിരുന്ന കാലമൊക്കെ എന്നേ പോയ്മറഞ്ഞു. ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെ കടന്നുവരവോടെ മൂവായിരം രൂപയ്ക്ക് വരെ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കിട്ടാനുണ്ട്. ഇവയില്‍ പലതും ആന്‍ഡ്രോയ്ഡിന്റെ പഴഞ്ചന്‍ വെര്‍ഷനുകളില്‍ ഓടുന്നവയാണ് എന്നത് മറ്റൊരു കാര്യം. 2.3 ജിഞ്ചര്‍ബ്രെഡും 3.0 ഹണികോമ്പും 4.0 ഐസ്‌ക്രീം സാന്‍വിച്ചും കടന്ന് 4.1 ജെല്ലിബീനില്‍ എത്തിനില്‍ക്കുകയാണ് ആന്‍ഡ്രോയ്ഡ് പെരുമ.
ജെല്ലിബീന്‍ വെര്‍ഷന്റെ ഏറ്റവും പുതിയ പതിപ്പായ 4.3 ജൂലായ് 24 ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഗൂഗിളിന്റെ സീനിയര്‍ വൈസ്പ്രസിഡന്റും തമിഴ്‌നാട്ടുകാരനുമായ സുന്ദര്‍ പിച്ചയ് ആണ് ആന്‍ഡ്രോയ്ഡിന്റെ ഈ പുതുവെര്‍ഷന്‍ ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചത്.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിയിട്ടില്ലെങ്കിലും ജെല്ലിബീന്റെ തൊട്ടുമുമ്പിറങ്ങിയ 4.1, 4.2 വെര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ഫോണുകള്‍ ഇന്ത്യയില്‍ കിട്ടാനുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും സുഖകരമായ സേവനാനുഭവം സമ്മാനിക്കുന്ന 4.2 വെര്‍ഷന്‍ ഫോണുകള്‍ക്കാണ് ആരാധകരേറെ.
ജെല്ലിബീന്‍ 4.2 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സമ്മാനിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ് ഇന്ത്യയില്‍ നിന്ന് തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ബഹുരാഷ്ട്രകമ്പനി വീഡിയോകോണ്‍. ഡല്‍ഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ചൈന, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഉല്പാദനപ്ലാന്റുകളുണ്ട്. പിക്ച്ചര്‍ട്യൂബ് നിര്‍മാണക്കമ്പനികളില്‍ ലോകത്തെ മൂന്നാംസ്ഥാനക്കാരാണ് വീഡിയോകോണ്‍. 2009 മുതലാണ് വീഡിയോകോണ്‍ മൊബൈല്‍ഫോണ്‍ നിര്‍മാണവും വിപണനവും ആരംഭിച്ചത്.
വീഡിയോകോണ്‍ പുറത്തിറക്കിയിരിക്കുന്ന ജെല്ലിബീന്‍ ഫോണിന്റെ പേര് എ 24. വില 4699 രൂപ. ഇത്രയും കുറഞ്ഞ വിലയ്ക്ക് വേറൊരു കമ്പനിയും 4.2 ജെല്ലിബീന്‍ ഫോണുകള്‍ വില്‍ക്കുന്നില്ലെന്ന് വീഡിയോകോണ്‍ അവകാശപ്പെടുന്നു.
കേവലം ജെല്ലിബീനില്‍ മാത്രമൊതുങ്ങുന്നതല്ല എ 24 ന്റെ മികവ്. 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസര്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ, 512 എം.ബി. റോം, 256 എം.ബി. റാം എന്നിങ്ങനെ ഹാര്‍ഡ്‌വേര്‍ കരുത്തിലും ഇവന്‍ മുന്നില്‍ തന്നെയാണ്.
നാലിഞ്ച് ഡബഌൂ.വി.ജി.എ. കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ ബാക്ക് ക്യാമറയ്ക്ക് പുറമെ .3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. കണ്ക്ടിവിറ്റിക്കായി ബ്ലൂടൂത്ത്, വൈഫൈ, ജി.പി.ആര്‍.എസ്., എഡ്ജ് സംവിധാനങ്ങളുള്ള എ 24 ഒരു ഡ്യുവല്‍ സിം മോഡലാണ്. 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ് തുടങ്ങിയ നിരവധി ആപ്ഌക്കേഷനുകള്‍ ഈ ഫോണില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍്‌സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 1450 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിന് ഊര്‍ജ്ജം പകരുന്നത്. നാല് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.