സൗരയൂഥത്തിന്റെ അധിപനായ സൂര്യനില്‍ വലിയൊരു മാറ്റം സംഭവിക്കുന്നതായി നാസ ഗവേഷകര്‍. സൂര്യന്റെ കാന്തികമണ്ഡലത്തിന് ധ്രുവമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണത്രേ. മൂന്നോ നാലോ മാസത്തിനകം സൂര്യന്റെ രണ്ട് കാന്തികധ്രുവങ്ങളും പരസ്പരം മാറുമെന്നാണ് റിപ്പോര്‍ട്ട്.
സൗരകാന്തികമണ്ഡലത്തിന്റെ ധ്രുവമാറ്റം സൗരയൂഥത്തിലാകെ സ്വാധീനമുണ്ടാക്കുമെങ്കിലും, ഭൗതികമായ എന്തെങ്കിലും പ്രത്യാഘാതം ഭൂമിയില്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നില്ല. ധ്രുമാറ്റ പ്രക്രിയ സൂര്യനില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു, പക്ഷേ നമ്മളത് അറിഞ്ഞിട്ടുപോലുമില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സൗരകാന്തികമണ്ഡലത്തില്‍ 11 വര്‍ഷം കൂടുമ്പോഴാണ് ധ്രുവമാറ്റം സംഭിക്കുക. ഓരോ സൗരചക്രത്തിന്റെയും പാരമ്യത്തില്‍ സൂര്യന്റെ ആന്തര ഡൈനാമോ പുനക്രമീകരണത്തിന് വിധേയമാകും, കാന്തികധ്രുവങ്ങള്‍ പരസ്പരം മാറും.
ഇപ്പോഴത്തെ നിലയ്ക്ക് മൂന്നോ നാലോ മാസത്തിനകം സൂര്യന്റെ കാന്തികമണ്ഡലം പൂര്‍ണമായും ധ്രുവമാറ്റത്തിന് വിധേയമാകുമെന്ന്, നാസയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ്ഫഡിലെ വില്‍കോക്‌സ് സോളാര്‍ ഒബ്‌സര്‍വേറ്ററി മേധാവി ടോഡ് ഹോക്‌സ്മാന്‍ അറിയിച്ചു.
1976 മുതല്‍ സൂര്യന്റെ കാന്തികസ്വഭാവം നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററിയാണ് വില്‍കോക്‌സ്. ഇതിനകം മൂന്നു തവണ സൂര്യനിലെ കാന്തികധ്രുവമാറ്റം വില്‍കോക്‌സ് ഒബ്‌സര്‍വേറ്ററി നിരീക്ഷിച്ചുകഴിഞ്ഞു.
11 വര്‍ഷംകൂടുമ്പോള്‍ സൂര്യനിലെ കാന്തികമണ്ഡം ദുര്‍ബലമായി പൂജ്യത്തിലാകും. അതിന് ശേഷം അത് എതിര്‍ദിശയില്‍ ശക്തിയാര്‍ജിക്കും. അങ്ങനെയാണ് ധ്രുവമാറ്റം സംഭവിക്കുകയെന്ന്, സൂര്യനെക്കുറിച്ച് പഠിക്കുന്ന സ്റ്റാന്‍ഫഡിലെ മറ്റൊരു ശാസ്ത്രജ്ഞനായ ഫില്‍ ഷെറെര്‍ അറിയിക്കുന്നു. 'സൗരചക്രത്തിലെ ഒരു പതിവ് പ്രവര്‍ത്തനമാണിത്' -അദ്ദേഹം പറഞ്ഞു.
'സൂര്യന്റെ ഉത്തരധ്രുവം ഇതിനകം മാറ്റത്തിന്റെ ലക്ഷണം കാട്ടിക്കഴിഞ്ഞു' - ഷെറെര്‍ അറിയിച്ചു. 'ഉടന്‍തന്നെ രണ്ടു ധ്രുവവും പരസ്പരം മാറും'.
(കടപ്പാട് :
Space Felloship )