
അധികമാരും ഇഷ്ടപ്പെട്ടെന്ന് വരില്ല, സ്വന്തം പേരില്‍ ഒരു രതി ഡൊമെയ്ന്‍ ഉണ്ടാവാന്‍. എന്നാല്‍, richardbranson.xxx എന്ന ഡൊമെയ്ന്‍ നാമത്തിന്റെ നിയന്ത്രണം സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ തര്‍ക്കത്തിനൊടുവില്‍ സ്വന്തമാക്കി.
സംഭവം ഇങ്ങനെയാണ്. ഓസ്‌ട്രേലിയക്കാരനായ സീന്‍ ട്രൂമാന്‍,
richardbranson.xxx എന്ന ഡൊമെയ്ന്‍ നാമം കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ അമേരിക്ക കേന്ദ്രമായുള്ള നാഷണല്‍ ആര്‍ബിട്രേഷന്‍ ഫോറത്തെ (എന്‍.എ.എഫ്) ബ്രാന്‍സന്‍ സമീപിച്ചു.
'ശരിയായ ഉദ്ദേശത്തോടെയല്ല' ട്രൂമാന്‍ ആ രതി ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍.എ.എഫ്. വിധിച്ചു. അങ്ങനെയാണ് ഒടുവില്‍ ബ്രാന്‍സന് സ്വന്തം പേരിലുള്ള രതി ഡൊമെയ്ന്‍ സ്വന്തമായത്.
ഡൊമെയ്‌സ്ന്‍ നാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന അന്താരാഷ്ട്ര സംഘടനയായ ഐകാനിനോട് (Icann) ആ ഡൊമെയ്ന്‍ നാമം, ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ബിസിനസ് ഗ്രൂപ്പിന് കൈമാറാന്‍ എന്‍.എ.എഫ്. ഉത്തരവിട്ടു.
ട്രേഡ്മാര്‍ക്ക് നാമങ്ങളുടെ വാലറ്റത്ത് .xxx എന്ന് രജിസ്റ്റര്‍ ചെയ്ത് ആരെങ്കിലും അനധികൃതമായി സ്വന്തമാക്കുന്നത് തടയാന്‍, കഴിഞ്ഞ വര്‍ഷം രതി ഡൊമെയ്ന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും അവസരം നല്‍കിയിരുന്നു.
എന്നാല്‍, അതിനുള്ള നടപടി ബ്രാന്‍സന്റെ കമ്പനി തുടരുന്നതിനിടെ രതി ഡൊമെയ്‌നുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും, നാലു ദിവസത്തിനകം
richardbranson.xxx എന്നത് ട്രൂമാന്‍ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.