ന്യൂഡല്‍ഹി: സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള 'നിര്‍ഭയ നിധി'യിലേക്ക് ഇടക്കാല ബജറ്റില്‍ ആയിരംകോടി രൂപകൂടി പ്രഖ്യാപിച്ചു.
കഴിഞ്ഞ ബജറ്റിലാണ് സ്ത്രീസുരക്ഷയ്ക്കുള്ള 'നിര്‍ഭയ നിധി' കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1000 കോടിരൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഇതൊരു സ്ഥിരം നിധിയാണെന്ന് ചിദംബരം അറിയിച്ചു.
വനിതാ സ്വയംസഹായസംഘങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തെന്ന് ചിദംബരം പറഞ്ഞു. 2013 ഡിസംബര്‍വരെ 41 ലക്ഷം വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കി. പത്തു വര്‍ഷംമുമ്പ് 9,71,182 സ്വയംസഹായസംഘങ്ങള്‍ക്കു മാത്രമേ വായ്പ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍, 2013 ഡിസംബറോടെ 41,16,000 സ്വയം സഹായസംഘങ്ങള്‍ക്കായി 36,893 കോടി രൂപ വായ്പയായി നല്‍കിയതായും ധനമന്ത്രി അറിയിച്ചു.
ചൊവ്വാദൗത്യത്തിന് കേന്ദ്രസര്‍ക്കാറിന്റെ ഊര്‍ജിതസഹായമുണ്ടാവുമെന്ന് പി.ചിദംബരം പറഞ്ഞു. ഇതിനുവേണ്ടി ഒട്ടേറെ ബഹിരാകാശദൗത്യങ്ങള്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ നടപ്പാക്കും.