ന്യൂഡല്‍ഹി: ആധാര്‍പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് കേന്ദ്രം ഇടക്കാലബജറ്റില്‍ പ്രഖ്യാപിച്ചു. 57 കോടി ആളുകള്‍ക്ക് ഇതിനകം ആധാര്‍ നമ്പറുകള്‍ നല്‍കിക്കഴിഞ്ഞതായി ധനമന്ത്രി ചിദംബരം അറിയിച്ചു.
ശാക്തീകരണത്തിനുള്ള ഉപാധിയാണ് ആധാറെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ദരിദ്രര്‍, കുടിയേറ്റ തൊഴിലാളികള്‍, ഭവനരഹിതര്‍, അവശവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ ആധാര്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍നമ്പറിലൂടെ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍വഴി പാചകവാതകം വിതരണം ചെയ്യുന്ന നടപടി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചായിരുന്നു ഈ തീരുമാനം. ആധാര്‍ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ മന്ത്രിതലസമിതിയും രൂപവത്കരിച്ചിരുന്നു. ഇത്തരം എതിര്‍പ്പുകള്‍ നിലനില്‍ക്കവെയാണ് ആധാറുമായി മുന്നോട്ടുപോവുമെന്നുള്ള പ്രഖ്യാപനം.