ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ പതിവ് നാട്യങ്ങളുണ്ടെങ്കിലും യു.പി.എ. കഴിഞ്ഞ 10 വര്‍ഷക്കാലമായി തുടര്‍ന്ന സമീപനത്തില്‍ മാറ്റമൊന്നുമില്ല.
ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കാര്‍ഷിക, വിദ്യാഭ്യാസ, തൊഴില്‍, പ്രതിരോധ മേഖലകളില്‍ വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനുവേണ്ടിയും ബജറ്റില്‍ നീക്കിയിരിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ബജറ്റിനോടൊപ്പം 2014 ജൂലായ് വരെയുള്ള സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയമാനുകൂല്യം നല്കുന്ന വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിച്ചു. ജൂണില്‍ പുതിയ സര്‍ക്കാര്‍ വരുന്ന സാഹചര്യത്തിലാണിത്.
വാഹനവ്യവസായ മേഖലയിലും ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണുകള്‍ക്കും എകൈ്‌സസ് തീരുവ കുറച്ചുകൊണ്ട് പരോക്ഷനികുതിയില്‍ ഇടപെട്ടെങ്കിലും തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നിലെ്ക്ക പ്രത്യക്ഷനികുതികളില്‍ ഇടപെടാന്‍ ധനമന്ത്രി തയ്യാറായില്ല.
ഒരുകോടി രൂപയ്ക്കുമേല്‍ പ്രതിവര്‍ഷ വരുമാനമുള്ളവര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സര്‍ച്ചാര്‍ജും കോര്‍പ്പറേറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ 5 ശതമാനം സര്‍ച്ചാര്‍ജും പുനഃപരിശോധിക്കുന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ധനമന്ത്രി അതിന് തയ്യാറായില്ല.
കഴിഞ്ഞ 10 വര്‍ഷക്കാലത്ത് യു.പി.എ. ഒന്ന്, യു.പി.എ. രണ്ട് സര്‍ക്കാറുകളിലായി വിവിധ വിഭാഗങ്ങളില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളും ധനമന്ത്രി നിരത്തി. ചില മേഖലകളില്‍ കഴിഞ്ഞ 10 വര്‍ഷംകൊണ്ട് കൈവരിച്ച നേട്ടം യു.പി.എ.യ്ക്ക് അഭിമാനിക്കാവുന്നതുതന്നെ.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനടയ്ക്ക് സാമ്പത്തിക മാന്ദ്യമുണ്ടായെങ്കിലും 2013-14 വര്‍ഷത്തിലെ രണ്ടാംപാദം മൊത്തം ആഭ്യന്തരോത്പാദനത്തിന് 4.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് സര്‍ക്കാറിന്റെ സാമ്പത്തിക നടപടികളുടെ ഫലമാണ് എന്ന് ധനമന്ത്രി അവകാശപ്പെട്ടു. 2013-14-ലെ മൂന്നും നാലും പാദങ്ങള്‍ ചുരുങ്ങിയത് 5.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ധനകമ്മി കുറഞ്ഞു. വില താഴ്ന്നു. വളര്‍ച്ച മെച്ചപ്പെട്ടു. വിനിമയനിരക്ക് ഭദ്രം. കയറ്റുമതി കൂടി. നൂറുകണക്കിന് പദ്ധതികള്‍ പ്രവര്‍ത്തനത്തിലാണ്. സാമ്പത്തിക നില പ്രതീക്ഷാര്‍ഹമാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
വിമുക്ത ഭടന്മാരുടെ ചിരകാല ആവശ്യമാണ് 'ഒരു റാങ്ക്, ഒരു പെന്‍ഷന്‍' അംഗീകരിക്കുന്നതോടെ യാഥാര്‍ഥ്യമാകുന്നത്. ഇത് നടപ്പാക്കാനായി 500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 2006-ലും 2010-ലും 2012-ലും മൂന്ന് തവണയായി നടപ്പാക്കിയ പെന്‍ഷന്‍ പരിഷ്‌കരണത്തിലൂടെയാണ് 'ഒരു റാങ്ക്, ഒരു പെന്‍ഷന്‍' ആശയം സാക്ഷാത്കരിക്കപ്പെട്ടത്.
10 വര്‍ഷക്കാലത്തെ നേട്ടങ്ങളെ നിരത്തിയാണ് ധനമന്ത്രി ചിദംബരം അടുത്ത മൂന്ന് ദശാബ്ദത്തിനുള്ളില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തുമെന്ന നിഗമനങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്.
10 വര്‍ഷം മുമ്പ് 213 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന ഇന്ത്യ ഇപ്പോള്‍ 263 ദശലക്ഷം ടണ്‍ ആണ് ഉത്പാദിപ്പിക്കുന്നത്. 10 വര്‍ഷം മുമ്പ് വിദ്യാഭ്യാസ മേഖലയിലുള്ള ചെലവ് 10,145 കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത് 79,451 കോടി രൂപയാണ്. ഗ്രാമീണ റോഡുകളും ദേശീയ റോഡുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും എണ്ണപ്പാടങ്ങളുമായി അടിസ്ഥാന വികസനം വലിയതോതില്‍ വളര്‍ന്നിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞുവരുന്ന ഗവണ്‍മന്റിന് മുമ്പാകെ യു.പി.എ.യുടെ സാമ്പത്തിക പരിപാടികളും അദ്ദേഹം മുന്നോട്ടുവെച്ചു. 2016-17 വര്‍ഷത്തില്‍ ധനകമ്മി മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്ന് ശതമാനത്തില്‍ ഒതുക്കുക, വ്യാപാരശിഷ്ടം കുറയ്ക്കുക, വളര്‍ച്ചയും വിലനിലവാരവും ഒത്തുപോകുന്നവിധം വില നിലനിര്‍ത്തുക, അടിസ്ഥാന വികസനം, ഉത്പാദന വര്‍ധന, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഉത്തരവാദിത്വം പങ്കിടല്‍ തുടങ്ങി 10 നിഷ്ഠകളാണ് അദ്ദേഹം നിര്‍ദേശിച്ചത്.
ഇടക്കാല ബജറ്റില്‍ 4.1 ശതമാനം ധനകമ്മിയും 3 ശതമാനം വരുമാനകമ്മിയും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ഥ ധനകമ്മി 4.6 ശതമാനമായിരുന്നു. കൂടുതല്‍ കമ്മി പ്രതിക്ഷിച്ചിരുന്നതാണ്. ഭരണച്ചെലവുകള്‍ കുറച്ചും 2 ജി ലേലത്തിലൂടെ കൂടുതല്‍ ലഭിച്ച വരുമാനവുമൊക്കെയാണ് കമ്മി കുറയുന്നതിന് സഹായകമായത്. സ്വിസ് ബാങ്കുകളിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്ത്യക്കാര്‍ ഒളിപ്പിച്ച പണം പുറത്തുകൊണ്ടുവരണമെന്ന കടുത്ത പ്രതിപക്ഷ ആവശ്യത്തെ നേരിടാനും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ശ്രമിച്ചിട്ടുണ്ട്.