
ന്യൂഡല്‍ഹി: സൈനികരുടെ ദീര്‍ഘനാളത്തെ ആവശ്യമായ 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതിക്ക് ഒടുവില്‍ സാക്ഷാത്കാരം. 2014-'15 സാമ്പത്തികവര്‍ഷം മുതല്‍ ഇത് നടപ്പാക്കുകയാണെന്ന് ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചു. 36 ലക്ഷം മുന്‍ സൈനികര്‍ക്ക് ഇത് ഗുണം ചെയ്യും. മുന്‍കാല പ്രാബല്യമുണ്ടായിരിക്കുകയില്ല. 2014-'15 വര്‍ഷത്തേക്ക് ഇതിന് വകയിരുത്തിയിരിക്കുന്നത് 500 കോടി രൂപയാണ്.
ഒരേ റാങ്കില്‍ ഒരേ കാലം സേവനം ചെയ്ത് സൈന്യത്തില്‍ നിന്ന് പിരിയുന്നവര്‍ക്ക് അവര്‍ വിരമിക്കുന്ന തീയതി നോക്കാതെ, ഏകീകൃതപെന്‍ഷന്‍ എന്നതാണ് 'ഒരുറാങ്ക് ഒരു പെന്‍ഷന്‍' കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികമായും ഭരണപരമായും ഇത് സാധ്യമല്ലെന്നും വര്‍ഷം 1,200-1,300 കോടിരൂപ അധികച്ചെലവും 4,000 കോടിയോളം രൂപ കുടിശ്ശികയും വരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
2006- ന് മുമ്പ് വിരമിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ അതേ റാങ്കിലുള്ളവര്‍ക്ക് ലഭിക്കുന്നതിലും കുറവാണ്. എന്നാല്‍, യു.പി.എ.ഭരണകാലത്ത് 2006-ലും 2010-ലും 2013-ലും സൈനികപെന്‍ഷന്‍ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു -ചിദംബരം ബജറ്റ്പ്രസംഗത്തില്‍ പറഞ്ഞു.
സൈന്യത്തില്‍ യുവാക്കളെ ആവശ്യമുണ്ട്. അതേസമയം, ഏതാനും വര്‍ഷം മാത്രം സൈന്യത്തില്‍ പണിയെടുത്തു പിരിയുന്നവര്‍ക്ക് പരിരക്ഷ നല്‍കേണ്ടതുമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിച്ചശേഷമാണ് 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' തത്ത്വത്തില്‍ അംഗീകരിച്ച് എല്ലാ റാങ്കിലും വിരമിക്കുന്നവരുടെയെല്ലാം പെന്‍ഷനുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരൂമാനിച്ചത് -ചിദംബരം പറഞ്ഞു.
മൂന്നുദിവസം മുമ്പ്, രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ വിമുക്തഭടന്മാരുടെസംഘം ഈ ആവശ്യം ആവര്‍ത്തിച്ചിരുന്നു. പ്രതിരോധബജറ്റ് 10 ശതമാനം വര്‍ധിപ്പിച്ചു. 2014-'15-ല്‍ 2,24,000 കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 2,03,672 കോടിരൂപയായിരുന്നു. കേന്ദ്ര സായുധപോലിസ് സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കാന്‍ ഈ ബജറ്റില്‍ 11,009 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
വാക്കുപാലിച്ചു : ആന്റണി
ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലൂടെ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമായെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. യു.പി.എ. സര്‍ക്കാര്‍ പട്ടാളക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചു.വര്‍ഷങ്ങളായി സൈനികര്‍ നടത്തിവന്ന പോരാട്ടത്തിന്റെ അന്തിമവിജയമാണ് ബജറ്റിലുണ്ടായത്. 2006, 2010, 2012 എന്നീ വര്‍ഷങ്ങളില്‍ മൂന്നുതവണയായി നടപ്പാക്കിയ പെന്‍ഷന്‍ പരിഷ്‌കരണത്തിലൂടെയാണ് ഒരു റാങ്ക് ഒരേ പെന്‍ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തത്. ഇപ്പോള്‍ അത് പൂര്‍ണമായി. പട്ടാളക്കാര്‍ക്ക് ആഹ്ലാദകരമായ ബജറ്റാണിത്. ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും ആന്റണി അറിയിച്ചു.