ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വരുന്നസാമ്പത്തിക വര്‍ഷം സബ്‌സിഡി ചെലവ് കുത്തനെ ഉയരും. ഇന്ധന, ഭക്ഷ്യ, വളം സബ്‌സിഡി നല്‍കുന്നതിന് 2,46,397 കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ നീക്കിവെച്ചത്.
ഭക്ഷ്യ സബ്‌സിഡിയില്‍ വന്‍വര്‍ധനയാണ് വരുത്തിയത്. യു.പി.എ. സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയായ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 23,000 കോടിയില്‍ നിന്ന് 1,15,000 കോടി രൂപയായാണ് ഭക്ഷ്യസബ്‌സിഡി ഉയര്‍ത്തിയത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്ന് ധനമന്ത്രി ചിദംബരം വ്യക്തമാക്കി.
പൊതുവിതരണ ശൃംഖല വഴിയുള്ള ഭക്ഷ്യ സബ്‌സിഡിക്ക് 2013-'14 കാലഘട്ടത്തില്‍ 92,000 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വരുന്ന സാമ്പത്തിക വര്‍ഷമിത് 1.15 ലക്ഷം കോടി രൂപയാകും. ഇതില്‍ നിന്ന് 88,500 കോടി രൂപയാണ് ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് വേണ്ടിവരികയെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
ഇന്ധന സബ്‌സിഡിക്കായി 65,000 കോടി രൂപയാണ് നീക്കിവെച്ചത്. വില കുറച്ച് ഇന്ധനങ്ങള്‍ വില്‍ക്കുന്നതിന് എണ്ണക്കമ്പനികളായ ഐ.ഒ.സി., എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍. എന്നിവയ്ക്കുള്ള സബ്‌സിഡി പുതുക്കിയ എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 2014-'15 കാലഘട്ടത്തില്‍ 63,426.95 കോടി രൂപയാണ് നീക്കിവെച്ചത്. ഇത് പുതുക്കിയ കണക്കായ 85,480 കോടിയേക്കാള്‍ കുറവാണ്. എണ്ണക്കമ്പനികള്‍ ഇന്ധനം വില്‍ക്കുമ്പോള്‍ വരുന്ന നഷ്ടം കുറവായിരിക്കുമെന്ന പ്രതീക്ഷയിലാണ് കുറഞ്ഞ തുക നീക്കിവെച്ചത്.
വളം സബ്‌സിഡി 67,970 കോടി രൂപയാണ്. യൂറിയ ഇറക്കുമതി ചെയ്യുന്നതിനുള്ള സബ്‌സിഡി 12,300 കോടിയും ഫോസ്‌ഫേറ്റ്, പൊട്ടാസിക് വളങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കുള്ള സബ്‌സിഡി 24,670 കോടി രൂപയുമായിരിക്കും.