ന്യൂഡല്‍ഹി: കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദ്ധതിയടങ്കലില്‍ കൂടുതല്‍ പണം നല്‍കുമെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി.
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ബജറ്റിലും സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും ചുമതലയും ഇതുവഴി ലഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. വരുന്ന സാമ്പത്തികവര്‍ഷം കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ നീക്കിയിരിപ്പ് 3,38,562 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയിത് 1,36,254 കോടി രൂപയായിരുന്നു.
തൊഴിലുറപ്പുപദ്ധതിക്കായി 34,000 കോടി രൂപ നീക്കിവെച്ചു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 27,635 കോടി രൂപയും വകയിരുത്തി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് 13,152 കോടി രൂപയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ പദ്ധതിക്ക് 4,965 കോടി രൂപയും നീക്കിവെച്ചു.
സമഗ്ര ശിശുവികസന പരിപാടികള്‍ക്കായി 18,691 കോടി രൂപയും ഗ്രാമീണ ഭവനനിര്‍മാണത്തിന് 16,000 കോടി രൂപയും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് 13,000 കോടിയും കുടിവെള്ളത്തിന് 11,000 കോടിയും ഗ്രാമീണ ശുചിത്വ പദ്ധതികള്‍ക്ക് 4,260 കോടിയും ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 2,200 കോടി രൂപയും നഗരവികസനത്തിന് 7,060 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്