ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ ഇന്ത്യന്‍നിര്‍മിത മൊബൈല്‍ സെറ്റുകള്‍ : വില കുറയും
വിത്സണ്‍ വര്‍ഗീസ്
Posted on: 17 Feb 2014
ന്യൂഡല്‍ഹി: മാന്ദ്യം നേരിടുന്ന രാജ്യത്തെ വാഹന വിപണിയെ രക്ഷിക്കാന്‍ ബജറ്റില്‍ ഉത്തേജക ഔഷധവുമായി ധനമന്ത്രി. ഇരുചക്രവാഹനങ്ങള്‍മുതല്‍ വാണിജ്യവാഹനങ്ങള്‍ വരെയുള്ളവയ്ക്ക് എകൈ്‌സസ് തീരുവയില്‍ മൂന്നുമുതല്‍ ആറുശതമാനംവരെയാണ് ഇളവ്. ഇതനുസരിച്ച് 1000 മുതല്‍ 1.25 ലക്ഷംവരെ വാഹനവിലയില്‍ കുറവുണ്ടാകും.
ചെറുകാറുകള്‍, ഈ വിഭാഗത്തിലുള്ള വാണിജ്യ വാഹനങ്ങള്‍, ഇരുചക്രവണ്ടികള്‍ എന്നിവയുടെ എകൈ്‌സസ് തീരുവ 12 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായിട്ടാണ് കുറച്ചത്. ഇതനുസരിച്ച് 1000 മുതല്‍ 2500 രൂപവരെയാണ് വിലയില്‍ കുറവുവരിക.
വിപണിയില്‍ പ്രിയമുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി.) വിഭാഗത്തില്‍ തീരുവ 30-ല്‍ നിന്ന് 24 ശതമാനമാക്കി. 80,000 മുതല്‍ 1.25 ലക്ഷംരൂപ വരെ കുറവ് പ്രതീക്ഷിക്കാം. വലിയ, മധ്യനിരകാറുകള്‍ക്ക് 27-ല്‍നിന്ന് 24 ശതമാനമായും 24-ല്‍നിന്ന് 20 ശതമാനമായുമാണ് തീരുവ കുറച്ചത്. 15000 മുതല്‍ 25000 വരെ ഈ വിഭാഗത്തില്‍ വിലക്കുറവുണ്ടാകും. ഉയര്‍ന്ന വാണിജ്യവാഹനങ്ങളുടെ ഷാസി വിലയും ഇതേ അനുപാതത്തില്‍ കുറയും.
ഇടക്കാലബജറ്റായതിനാല്‍ ജൂണ്‍ 20 വരെയാണ് ഇതിന് പ്രാബല്യമുണ്ടാവുക. ഏപ്രില്‍ ഒന്നുമുതല്‍ വിലക്കുറവ് പ്രാബല്യത്തിലാവുന്നതിനാല്‍ അതുവരെ വാഹനവില്പന രാജ്യത്ത് ക്രമാതീതമായി കുറഞ്ഞേക്കുമെന്നൊരാശങ്കയുമുണ്ട് വിപണിക്ക്.
സംസ്ഥാനബജറ്റില്‍ ഏപ്രില്‍മുതല്‍ രണ്ടുശതമാനം അധികനികുതി ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രണ്ടുശതമാനത്തിന്റെ ആനുകുല്യമേ കേരളത്തിലെ പുതിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കൂ.
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഉത്പാദിപ്പിക്കുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ എകൈ്‌സസ് തീരുവ ആറുശതമാനമായി പുനഃക്രമീകരിച്ചു. ഇതോടെ ഇവയ്ക്ക് നേരിയതോതില്‍ വില കുറയും.
കഴിഞ്ഞ ബജറ്റില്‍ ഹാന്‍ഡ് സെറ്റിന്റെ എകൈ്‌സസ് തീരുവ ഒന്നില്‍നിന്നും ആറുശതമാനമാക്കിയിരുന്നു. ഇത് ഈ വ്യവസായത്തിന് ഭീഷണിയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ഫോണുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ തുടങ്ങിയവയും ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. അതേസമയം നോക്കിയ, സാംസങ് തുടങ്ങിയ വിദേശ കമ്പനികള്‍ ഇന്ത്യയിലാണ് ഉത്പാദനം നടത്തുന്നത്.