ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നതിന് ശക്തമായ നടപടികള്‍ തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. ആദ്യമായാണ് കള്ളപ്പണം സംബന്ധിച്ച പ്രഖ്യാപനം ബജറ്റ് പ്രസംഗത്തില്‍ യു.പി.എ. സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്.
വിദേശത്തുള്ള കള്ളപ്പണം തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നതിനിടയിലാണ് ലഭിച്ച വിവരങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും കാര്യങ്ങള്‍ ധനമന്ത്രി വ്യക്തമാക്കുന്നത്. കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന പശ്ചാത്തലവുമുണ്ട്.
വിദേശത്ത് കള്ളപ്പണം സൂക്ഷിച്ച 67 കേസിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതില്‍ത്തന്നെ 17 എണ്ണത്തില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയിട്ടുണ്ട്. നികുതിരഹിത രാജ്യങ്ങളില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ സ്ഥാപനങ്ങളും സൂക്ഷിച്ച പണത്തിന്റെ വിവരങ്ങള്‍ തേടിയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പല കടമ്പകളുണ്ടായിട്ടും വിവരങ്ങള്‍ ലഭിക്കുന്നത് ആശാവഹമാണ്-മന്ത്രി പറഞ്ഞു