എ എഫ് പിയുടെ ദൗത്യവുമായി ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് എ എഫ് പി കാഠ്മണ്ഡു ബ്യൂറോ ചീഫ് അമ്മു കണ്ണമ്പിള്ളിയും എ എഫ് പിയുടെ ദക്ഷിണേഷ്യന്‍ ഫോട്ടോ ചീഫ് റോബര്‍ട്ടോയും എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ എത്തുന്നത്. അവര്‍ എത്തിച്ചേര്‍ന്ന് നിമിഷങ്ങള്‍ക്കകമുണ്ടായ ഭൂകമ്പത്തിന്റെ നേര്‍ക്കാഴ്ചകളെ കുറിച്ച് അമ്മു കണ്ണമ്പിള്ളി എഴുതിയ അനുഭവക്കുറിപ്പ്.
|
|
A cloud of snow and debris triggered by an earthquake flies towards Everest Base Camp, moments before flattening part of the camp in the Himalayas on April 25, 2015. (AFP Photo / Roberto Schmidt) |
പര്‍വതാരോഹണ സീസണിന്റെ തുടക്കമായിരുന്നതിനാല്‍ വിദേശ പര്‍വ്വതാരോഹകരേയും മലകയറാന്‍ അവരെ സഹായിക്കുന്ന ഷെര്‍പ്പമാരേയും കൊണ്ടുനിറഞ്ഞിരിക്കുകയായിരുന്നു എവറസ്റ്റിലെ ബേസ് ക്യാമ്പ്. ഒമ്പതുദിവസത്തോളം നീണ്ട ട്രക്കിംഗിന് ശേഷം ബേസ് ക്യാമ്പിലെത്തിയ അമ്മുവും റോബര്‍ട്ടോയും ശാരീരികാസ്വാസ്ഥ്യങ്ങളെല്ലാം മറന്ന് മലനിരകളുടെ മനോഹരദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു. പെട്ടെന്നാണ് ഒരു മുരള്‍ച്ച അവര്‍ക്ക് അനുഭവപ്പെടുന്നത്.
|
|
People survey the devastation after an avalanche flattened parts of Everest Base Camp on April 25, 2015 |
ട്രെയിന്‍ ഇരമ്പി വരുന്നത് പോലെയായിരുന്നു ആ ശബ്ദമെന്ന് റോബര്‍ട്ടോ ഓര്‍ക്കുന്നു. ശബ്ദം കേട്ട് പകച്ചുപോയ അമ്മു റോബര്‍ട്ടോയോട് എന്താണതെന്ന് ആരാഞ്ഞു. ഹിമപാതമായിരിക്കുമെന്ന റോബര്‍ട്ടോയുടെ മറുപടി കേട്ട അമ്മു ഉടനടി ടെന്റിനുള്ളിലേക്ക് കയറി. ഹിമാലയ മലനിരകളെ ചിതറിത്തെറിപ്പിച്ച,് പര്‍വതാരോഹകരുടെ ടെന്റുകളെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം വന്‍നാശം വിതച്ചത് നിമിഷനേരം കൊണ്ടായിരുന്നു.

'കുലുക്കം നിന്നപ്പോള്‍ ഞാനെന്റെ കണ്ണുകള്‍ തുറന്നു. ചുറ്റുമുള്ളതെല്ലാം വെളുത്ത നിറത്തിലായിരുന്നു.' അമ്മു പറയുന്നു. ' ചുറ്റുമുള്ള മഞ്ഞ് തള്ളിനീക്കാന്‍ ഞാന്‍ ശ്രമിച്ചു. അപ്പോഴാണ് കൈകളില്‍ നിറയെ രക്തം പടര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടത്. എന്റെ ഗ്ലാസ് നഷ്ടപ്പെട്ടിരുന്നു. ഞാന്‍ റോബര്‍ട്ടോയെ പേരെടുത്ത് ഉറക്കെ വിളിച്ചു. സ്പാനിഷ് ഭാഷയില്‍ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം വിലപിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
|
|
Rescuers carry a sherpa injured by an avalanche at Everest Base Camp on April 25, 2015 (AFP Photo / Roberto Schmidt) |
ഞങ്ങളുടെ ഷെര്‍പ്പ പാസംഗ് എന്റെ പേര് ഉറക്കെ വിളിക്കുന്നതും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതിന് മറുപടിയെന്നോണം എന്നെക്കൊണ്ട് കഴിയുന്ന അത്രയും ശബ്ദത്തില്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു. അതുകേട്ട് ഷെര്‍പ്പ ഓടിയെത്തി. തകര്‍ന്ന നൈലോണ്‍ ടെന്റിനുള്ളില്‍ കുടുങ്ങിപ്പോയ ഞങ്ങളെ ടെന്റു വലിച്ചു കീറി പുറത്തെടുത്തു.
അവിടെ നിന്നും എവുന്നേറ്റത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്റെ ചുറ്റും വെള്ള നിറം മാത്രം. ഒപ്പം ഭയം ജനിപ്പിക്കുന്ന നിശബ്ദതയും. ഞാന്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. എങ്ങനെയാണ് എല്ലാം നിശബ്ദമായത്. എല്ലാവരും എവിടെയാണ്?
പോര്‍ട്ടര്‍ മാരിലൊരാളെ കുറച്ചകലെ ഞാന്‍ കണ്ടു. അയാള്‍ വേദനകൊണ്ടു പുളഞ്ഞിരുന്നു. ഒരു ബ്ലാഹ്കറ്റിനുള്ളിലായിരുന്നു അയാള്‍.
രണ്ട് നിമിഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കണ്ട ഞങ്ങളുടെ ഡൈനിംഗ് റൂം അറ്റഡന്റിനേയും ഞാന്‍ കണ്ടു. അവളുടെ തലയില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. അവിടെ കണ്ട ഒരു റോള്‍ ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ച് അവളുടെ തലയിലെ മുറിവു ഞാന്‍ ചുറ്റിക്കെട്ടി. അവള്‍ എന്റെ കൈയിലെ മുറിവും ചുറ്റിക്കെട്ടിത്തന്നു.
|
|
Expedition guide Pasang Sherpa searches through flattened tents for survivors after an avalanche flattened parts of Everest Base Camp on April 25, 2015 (AFP Photo / Roberto Schmidt) |
ആദ്യത്തെ ഭൂചലത്തിന് ശേഷം ഞാന്‍ വീഡിയോ ക്യാമറ എടുത്ത് ചുറ്റുമുള്ളത് പകര്‍ത്താമുള്ള ശ്രമിച്ചു. കൈയില്‍ കെട്ടിയ ടോയ്‌ലറ്റ് പേപ്പര്‍ കെട്ടഴിഞ്ഞുവീണു. രക്തം ക്യാമറയില്‍ പുരളാന്‍ തുടങ്ങി. പെട്ടന്നാണ് വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടായത്. അവിടെ നിന്നും എത്രയും വേഗം പുറത്തു കടക്കണ്ടേതുണ്ടെന്ന് ഷെര്‍പ്പ ഞങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ ഹിമെക്‌സ് ടൂര്‍ ഗ്രൂപ്പിന്റെ ടെന്റില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉണ്ടായിരുന്നവര്‍ എന്റെ കൈയിലെ മുറിവു കഴുകി വൃത്തിയാക്കി. സമാധാനമായി ഇരിക്കാന്‍ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. പക്ഷേ ദുരന്തത്തില്‍ പെട്ട ആരേയും സഹായിക്കുന്നില്ല, ഒരു ജോലിയും ചെയ്യുന്നില്ല എന്ന കുറ്റബോധത്താല്‍ അസ്വസ്ഥയായിരുന്നു ഞാന്‍.
|
|
An injured person is loaded onto a rescue helicopter at Everest Base Camp on April 26, 2015, a day after an avalanche triggered by an earthquake devastated the camp (AFP Photo / Roberto Schmidt) |
മറ്റന്തെങ്കിലും ചെയ്യേണ്ടത് ഒരു ആവശ്യമായി തന്നെ എനിക്കു തോന്നി. ആരോ എനിക്ക് ഒരു ജോഡി ഗ്ലൗസ് തന്നു. ഒരു ഷെര്‍പ്പ എന്റെ കൂടെ വന്നു. ഞാന്‍ രക്ഷാദൗത്യത്തിന്റെ കുറച്ച് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു.
|
|
Rescuers tend to a sherpa injured during an avalanche at Everest Base Camp on April 25, 2015 (AFP Photo / Roberto Schmidt) |
രക്ഷാപ്രവര്‍ത്തനത്തിന് എത്ര പെട്ടന്നാണ് ഇവരെല്ലാം ഓടിക്കൂടിയതെന്ന് ഞാനോര്‍ത്തു. അവര്‍ വൈദ്യസഹായം നല്‍കുന്നു. ഉറങ്ങാനുള്ള സ്ലീപ്പിംഗ് ബാഗുകള്‍ നല്‍കുന്നു. അവര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.
ഏകദേശം 20-25 ആളുകളാണ് ഹിമെക്‌സ് ടെന്റില്‍ അന്നുരാത്രി ഉണ്ടായിരുന്നത്. പക്ഷേ എനിക്കുറങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഭൂകമ്പത്തില്‍ ഗുരുതരമായി പരിക്കേറ്റ ആ പോര്‍ട്ടറെ കുറിച്ചുള്ള ചിന്തകളിലേക്ക് ഞാന്‍ വഴുതി വീണു. ഞങ്ങള്‍ എന്തിനാണ് അതിജീവിച്ചതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
|
|
Banja, a porter working for a trekking company, recovers after he was injured by snow and debris from an avalanche at Everest Base Camp on April 25, 2015 (AFP Photo / Roberto Schmidt) |
അര്‍ദ്ധരാത്രി ടോയ്‌ലറ്റില്‍ പോകുന്നതിനായി ഞാന്‍ പുറത്തിറങ്ങി. മടങ്ങുമ്പോള്‍ ആ മലനിരകളിലേക്ക് ഞാന്‍ വെറുതെ നോക്കി. മലനിരകളേയും വെളുത്ത ആകാശത്തേയും ഞാന്‍ ദര്‍ശിച്ചു. അന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തവിധം അതിമനോഹരമായിരുന്നു ആ കാഴ്ച.'
|
|
Banja, a porter working for a trekking company, recovers after he was injured by snow and debris from an avalanche at Everest Base Camp on April 25, 2015 (AFP Photo / Roberto Schmidt) |
സമുദ്രനിരപ്പില്‍ നിന്നും 18,000 അടി ഉയരത്തിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതിചെയ്യുന്നത്. ക്യാമ്പിലുണ്ടായിരുന്ന പതിനെട്ട് പേരുടെ ശവശരീരം കണ്ടെടുത്തു. നിരവധി പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗത്തെ കാല്‍ക്കീഴിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പര്‍വതാരോഹകരുടെ സ്വപ്‌നങ്ങളെയാണ് ഭൂകമ്പം നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തെറിഞ്ഞത്.