നേപ്പാളിലെ നടുക്കുന്ന ഓര്‍മകളുമായി അവര്‍ നാട്ടിലെത്തി

ജയന്‍ വാര്യത്ത് Posted on: 28 Apr 2015


മറയൂര്‍ (ഇടുക്കി): നേപ്പാളിലെ ദുരന്തഭൂമിയില്‍നിന്ന് അവര്‍ ഉറ്റവരുടെ സ്‌നേഹസാന്ത്വനത്തിലേക്ക് മടങ്ങിയെത്തി. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും. അതുവരെ പ്രാര്‍ഥനയോടെ കാത്തിരുന്ന അച്ഛനമ്മമാര്‍ക്ക് ആശ്വാസത്തിന്റെ നിമിഷങ്ങളായി.

നേപ്പാള്‍ ഭരത്പുര്‍ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഒന്നും രണ്ടും വര്‍ഷ എം.ബി.ബി.എസ്. കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് കഴിഞ്ഞ രാത്രി വീടുകളിലെത്തിച്ചേര്‍ന്നത്. കാന്തല്ലൂര്‍ കൂട്ടുങ്കല്‍ വീട്ടില്‍ റോയി-മോന്‍സി ദമ്പതിമാരുടെ മകനും രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ റോണി ടോം റോയി (21), രാജാക്കാട് പതിപ്പള്ളി വീട്ടില്‍ ബെന്നി-ജോളി ദമ്പതിമാരുടെ മക്കളായ അലന്‍ഡ ബെന്നി (20), ബുനയ ബെന്നി (19) എന്നിവരാണ് ഭൂചലനം തകര്‍ത്ത മണ്ണില്‍നിന്ന് സുരക്ഷിതരായി മടങ്ങിയെത്തിയത്.

അലന്‍ഡയും ബുനയയും ഒന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്. റോയി സഹപാഠികള്‍ക്കൊപ്പം വീട് വാടകയ്ക്ക് എടുത്താണ് കോളേജിനടുത്ത് താമസിച്ചുവന്നത്. പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിലും. കാഠ്മണ്ഡുവില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് എല്ലാവരെയും കെട്ടിടങ്ങളില്‍നിന്ന് പുറത്തിറക്കി. കളിസ്ഥലത്ത് ഷെഡ്ഡുകള്‍ കെട്ടിയാണ് ആണ്‍കുട്ടികളെ താമസിപ്പിച്ചത്. പെണ്‍കുട്ടികളെ തൊട്ടടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു. 150ലധികം കുട്ടികളെയാണ് ഇവിടെ താമസിപ്പിച്ചത്.

ഭൂചലനമുണ്ടായ സമയത്ത് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുകയായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിലും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് രോഗികളെ സുരക്ഷിതരാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞതായി റോണി പറഞ്ഞു. മറ്റു രോഗികളെ ആസ്പത്രിക്കു പുറത്ത് ടെന്റടിച്ച് പാര്‍പ്പിച്ച് ശുശ്രൂഷിക്കുകയും ചെയ്തു.

ഭൂചലനത്തെക്കുറിച്ച് ഒരുമണിക്കൂര്‍ ഇടവിട്ട് കൃത്യമായ മുന്നറിയിപ്പുകള്‍ കിട്ടിയിരുന്നതായി റോണി പറഞ്ഞു. ഭൂചലനം കുറഞ്ഞതോടെ ഉറപ്പുള്ള വീടുകളിലേക്ക് പോകാന്‍ അനുവദിച്ചു. പഴയ വീടുള്ളവര്‍ പിന്നെയും ക്യാമ്പുകളില്‍ തങ്ങി. ഞായറാഴ്ച നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയായ ഗൊരഖ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍(സുനോലി) കോളേജ് ബസ്സിലാണ് 150 കുട്ടികളെയും എത്തിച്ചത്.




1
nepal

 

ga