കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത നാശംവിതച്ച ഭൂചലനത്തിന് 20 തെര്‍മോ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബുണ്ടാക്കുന്ന സ്‌ഫോടനത്തേക്കാള്‍ ശക്തിയുണ്ടായിരുന്നുവെന്ന് ഗവേഷകര്‍. രണ്ടാംലോകമഹായുദ്ധക്കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതായിരുന്നു ഭൂചലനം.
80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനം ഭൂകമ്പമാപിനിയില്‍ 7.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ പ്രധാനനഗരമായ പോഖ്‌റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകെലയായിരുന്നു പ്രഭവകേന്ദ്രം. ഇതിന്റെ സമീപപ്രദേശങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ജനവാസകേന്ദ്രങ്ങള്‍. ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാനുള്ള പ്രധാനകാരണം ഇതാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ഇതിനുപുറമേ, ഭൗമോപരിതലത്തില്‍ നിന്ന് 10 മുതല്‍ 15 കിലോമീറ്റര്‍ മാത്രം താഴെയായിരുന്നു പ്രഭവകേന്ദ്രം. ഇതും ഭൂകമ്പത്തിന്റെ തീവ്രത രൂക്ഷമാക്കാന്‍ ഇടയാക്കി. ആദ്യ ഭൂചലനത്തിന് ശേഷം മണിക്കൂറുകള്‍ക്കകം 20 തുടര്‍ചലനങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ആദ്യ ഭൂചലനത്തില്‍ കേടുപാട് പറ്റിയതും വിള്ളല്‍ വീണതുമായ കെട്ടിടങ്ങള്‍ തകരുകയും അവശിഷ്ടങ്ങളില്‍പ്പെട്ട് ഒട്ടേറെ ജീവന്‍ പൊലിയുകയും ചെയ്‌തെന്ന് ഗവേഷകര്‍ പറയുന്നു.