ന്യൂഡല്‍ഹി: ഒരുമാസത്തെ വേതനം നേപ്പാള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ ലോക്‌സഭ ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
ഈ പ്രതിസന്ധിഘട്ടം തരണംചെയ്യാന്‍ നേപ്പാളിനൊപ്പം ഇന്ത്യന്‍ജനതയുണ്ടെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ദുരന്തമുണ്ടായ ഉടന്‍ പ്രധാനമന്ത്രി ഫലപ്രദമായി ഇടപെട്ടു. മൂന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പ്രത്യേക ബസ്സുകളയച്ച് നേപ്പാളില്‍ കുടുങ്ങിയവരെ കൊണ്ടുവരാന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇമിഗ്രേഷന്‍ സെന്റര്‍ തയ്യാറാക്കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിരീക്ഷിച്ചുവരുന്നു. കര, വ്യോമസേനകള്‍ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘവും രൂപവത്കരിച്ചു. റോഡുമാര്‍ഗം വരുന്നവരെ സഹായിക്കാന്‍ വഴിയില്‍ ദുരിതാശ്വാസക്യാമ്പുകളും സജ്ജമാക്കി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപ നല്‍കണമെന്ന് സമാജ് വാദി നേതാവ് മുലായംസിങ് ആവശ്യപ്പെട്ടു. സി.പി.എം എം.പിമാര്‍ ഒരുമാസത്തെ വേതനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച മുഹമ്മദ് സലീം ഹിമാലയന്‍ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
വികസനം ജി.ഡി.പി വളര്‍ച്ചയ്ക്കു വേണ്ടിയുള്ളതു മാത്രമാവുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഭൂകമ്പത്തേക്കാള്‍ അപകടകരമാണ് ഇപ്പോള്‍ ഉയരുന്ന ബഹുനിലകെട്ടിടങ്ങളെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.
ദുരന്തനിവാരണത്തിന് യു.പി.എ സര്‍ക്കാര്‍ 2009-ല്‍ മുന്നോട്ടുവെച്ച ദര്‍ശനരേഖ നടപ്പാക്കണം.