കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം വിതച്ച കെടുതികള്‍ക്കിടെ ദുരിതമനുഭവിച്ച് 50,000- ത്തോളം ഗര്‍ഭിണികളും. ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പഠനംനടത്തുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.എഫ്.പി.എ. പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ വലയുന്ന 80 ലക്ഷം പേര്‍ക്കൊപ്പം പിറക്കാനിരിക്കുന്ന തലമുറയിലേക്കും ദുരന്തം വ്യാപിച്ചേക്കുമെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. ഗര്‍ഭിണികളില്‍ ഭൂരിഭാഗം പേരും മറ്റുള്ളവരോടൊപ്പം തുറസ്സായ സ്ഥലങ്ങളില്‍ത്തന്നെയാണ് അഭയംതേടിയിരിക്കുന്നത്.
മാനസിക സമ്മര്‍ദവും സുരക്ഷിതത്വമില്ലായ്മയുംമൂലം ചിലര്‍ക്കെങ്കിലും ഗര്‍ഭം അലസാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സിയുടെ ഏഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിയ മാര്‍വ മുന്നറിയിപ്പ് നല്‍കുന്നു. മോശം അന്തരീക്ഷം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെയും ബാധിച്ചേക്കും. മോശം സാഹചര്യത്തില്‍ പ്രസവിക്കേണ്ട ഗതികേടിലാണ് മിക്ക യുവതികളും. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.