കാഠ്മണ്ഡു: ഒരിടത്ത് പരിക്കേറ്റവരെയും കൊണ്ട് ആസ്പത്രിയിലേക്ക് ഓടുന്ന ഇന്ത്യന്‍ സേനാംഗങ്ങള്‍. മറ്റൊരിടത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിച്ചവരെ തിരയുന്ന ചൈനീസ് രക്ഷാപ്രവര്‍ത്തകര്‍.
ഭൂകമ്പത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന നേപ്പാളിലെങ്ങും തദ്ദേശീയരായ രക്ഷാപ്രവര്‍ത്തകരെകാണാനില്ലെന്ന് തന്നെ പറയാം. സകലയിടത്തും ഇന്ത്യന്‍, ചൈനീസ് ദുരിതാശ്വാസ സംഘങ്ങളാണ്. ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളുമായി ബെയ്ജിങ്ങില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഇടതടവില്ലാതെ വിമാനങ്ങളെത്തുന്നതും.
നേപ്പാള്‍ ദുരന്തത്തോടുള്ള ഇന്ത്യയുടെയും ചൈനയുടെയും ദ്രുതപ്രതികരണം കൊച്ചു ഹിമാലയന്‍ രാഷ്ട്രത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഏഷ്യന്‍ വന്‍ശക്തികളുടെ മത്സരമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നത്. ഭൂകമ്പ വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ ദുരിതാശ്വാസ വസ്തുക്കളും രക്ഷാപ്രവര്‍ത്തകരുമായി ഇരു രാഷ്ട്രങ്ങളും ഓടിയെത്തുകയായിരുന്നു. ടണ്‍ കണക്കിന് ദുരിതാശ്വാസ വസ്തുക്കളും നൂറ് കണക്കിന് രക്ഷാപ്രവര്‍ത്തകരുമായി ഇന്ത്യന്‍ വ്യോമസേനയുടെ 13 -ഓളം വിമാനങ്ങളാണ് ഉടന്‍ കാഠ്മണ്ഡുവിലെത്തിയത്.
എന്നാല്‍, മുമ്പ് ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റുണ്ടായപ്പോള്‍ ദുരിതാശ്വാസമെത്തിക്കാന്‍ അമാന്തം കാണിച്ച ചൈനയുടെ പ്രതികരണം ഇത്തവണ അതിവേഗത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തരും മണംപിടിക്കുന്ന നായകളും ചികിത്സാ ഉപകരണങ്ങളുമൊക്കെയായി അവരും കുതിച്ചെത്തി. 33 ലക്ഷം ഡോളറിന്റെ സഹായമാണ് ചൈന ഉടനടി വാഗ്ദാനം ചെയ്തത്. യൂറോപ്യന്‍യൂണിയന്‍ ആകെ നല്‍കുന്ന സഹായത്തോളം വരുമിത്.
അനുശോചന സന്ദേശങ്ങള്‍ അറിയിക്കുന്നതിലും ഇരു രാജ്യത്തെയും ഭരണത്തലവന്മാരായ നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും ഒട്ടും അമാന്തിച്ചില്ല. നേപ്പാളികള്‍ സ്വന്തം ജനങ്ങളെപ്പോലെയാണെന്നും അവരുടെ കണ്ണീരൊപ്പുമെന്നുമാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമാനമായ പ്രസ്താവന ചൈനയില്‍ നിന്നുമുണ്ടായി.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഞെരുങ്ങിക്കഴിയുന്ന നേപ്പാളിന്റെ രാഷ്ട്രത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള ഇരു രാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങള്‍ പുതിയ വാര്‍ത്തയല്ല. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാംസ്‌കാരികമായും അടുത്ത ബന്ധമുള്ള ഇന്ത്യയോടാണ് നേപ്പാള്‍ അടുത്തകാലം വരെ ശക്തമായ ബന്ധം നിലനിര്‍ത്തിയിരുന്നത്. ഡല്‍ഹിയോട് സൗഹൃദം പുലര്‍ത്തുന്ന സര്‍ക്കാര്‍ നേപ്പാളില്‍ വരണമെന്നാണ് ഇന്ത്യ എക്കാലത്തും ആഗ്രഹിച്ചിരുന്നതും. ഇതിനായി രാഷ്ട്രീയമായും പലവട്ടം ഇടപെട്ടിരുന്നു. മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു.
എന്നാല്‍, അടുത്തകാലത്തായി ഇന്ത്യയോട് പുലര്‍ത്തുന്ന കടുത്ത വിധേയത്വത്തിനെതിരെ നേപ്പാളിലെ തന്നെ പലകോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ഈ സാഹചര്യം ചൈന മുതലെടുത്തു. നേപ്പാളിലെ വിദേശനിക്ഷപത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയെ മറികടന്ന ചൈന റോഡ് വികസനം, ഊര്‍ജ നിലയങ്ങള്‍, ഗതാഗതം അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപമാണ് നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
നേപ്പാളിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. നേപ്പാളില്‍ പിടിമുറുക്കാനുള്ള ഇരു രാജ്യങ്ങളുടെയും മത്സരം കൊഴുക്കുന്നതിനിടെയാണ് കനത്ത നാശം വിതച്ച് ഭൂകമ്പമുണ്ടായത്. എന്നാല്‍, ദുരിതാശ്വാസമെത്തിക്കുന്നതില്‍ രാഷ്ട്രീയ -നയതന്ത്ര താത്പര്യമുണ്ടെന്ന വാര്‍ത്തകള്‍ രണ്ടുരാജ്യങ്ങളും നിഷേധിച്ചു. ദുരന്തമേഖലകളില്‍ സഹായമെത്തിക്കുന്നതില്‍ ഇന്ത്യയുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാങ് ചങ്‌സിയാങ് പറഞ്ഞു.