കോഴിക്കോട്: ''ഒരിക്കല്‍ ഞാനൊരു യാത്രപോകും
കണ്ണെത്താത്തിടത്തോളം ദൂരത്തേക്ക്.
കവലകളിലെ വഴികാട്ടികളെ
ഞാന്‍ വിശ്വസിക്കില്ല, തീര്‍ച്ച....
മരിച്ചവര്‍ക്കു ശബ്ദമുണ്ടെങ്കില്‍
ഉമിനീരു വറ്റിയ തൊണ്ടകീറി
നമുക്ക് വഴിപറഞ്ഞുതരും...''
(ദീപക് കോളേജ് മാഗസിനിലെഴുതിയ പിന്‍കുറിപ്പില്‍നിന്ന്.)
സൗഹൃദത്തിന്റെ ഊഷ്മളതയും നുണഞ്ഞ് കണ്ണെത്താദൂരത്തേക്ക് യാത്രപോയ ഡോ. ദീപക്കും ഡോ. ഇര്‍ഷാദും ഇനിയൊരിക്കലും തിരിച്ചെത്തില്ലെന്ന ഞെട്ടലിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുഹൃത്തുക്കളും അധ്യാപകരും. നല്ല വിദ്യാര്‍ഥികളെന്നതിനൊപ്പം സാമൂഹികപ്രവര്‍ത്തനങ്ങളിലും കലാപ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്നു ഇരുവരും.
മെഡിക്കല്‍ കോളേജിലെ 51ാം ബാച്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട മൂന്നു ഡോക്ടര്‍മാരും. വിവരം ലഭിക്കുന്നതുവരെ മൂവരും ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കൂട്ടുകാര്‍. ഡോ. അഭിന്‍ സൂരിയെ പരിക്കുകളോടെ കണ്ടെത്തുകകൂടി ചെയ്തതോടെ പ്രതീക്ഷകള്‍ ഉയരത്തിലായി. അതിനിടെയാണ് ഡോ. ദീപക്കിന്റെയും ഡോ. ഇര്‍ഷാദിന്റെയും മരണം സ്ഥിരീകരിച്ച് വാര്‍ത്തയെത്തിയത്.
പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സജീവമായിടപെട്ടിരുന്ന സുഹൃത്തുക്കളില്‍ ഡോ. ദീപക് 2010ല്‍ കോളേജ് മാഗസിന്‍ എഡിറ്ററുമായിരുന്നു.
'വര്‍ത്തമാനം ഭൂതം ഭാവി' എന്നുപേരിട്ട മാഗസിനില്‍ സാഹിത്യസൃഷ്ടികള്‍ക്കൊപ്പം ആരോഗ്യരംഗത്ത് സാമൂഹികപ്രതിബദ്ധതയോടെ ഇടപെടുന്ന വിവിധ സംഘടനകളെക്കുറിച്ചുള്ള അഭിമുഖക്കുറിപ്പുകളും പ്രസിദ്ധീകരിക്കാന്‍ ഡോ. ദീപക് തയ്യാറായി. മരണവിവരമറിഞ്ഞതോടെ ഡോ. ദീപക് മാഗസിനില്‍ക്കുറിച്ച പിന്‍കുറിപ്പുകള്‍ നവമാധ്യമങ്ങളില്‍ എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കാനും സുഹൃത്തുക്കള്‍ തയ്യാറായി.
സമൂഹത്തോടുള്ള പ്രതിബദ്ധത ജോലിക്കാലത്തും മൂവരും പിന്തുടര്‍ന്നു. മാനന്തവാടിയിലെ ജനറല്‍ ഹോസ്പിറ്റലിലാണ് ഇവര്‍ ജോലിനോക്കിയത്. പിന്നാക്കപ്രദേശങ്ങളില്‍നിന്നെത്തുന്ന ആദിവാസികളുള്‍പ്പെടെയുള്ള രോഗികളോട് അനുകമ്പയോടെ പെരുമാറിയവരായിരുന്നു മൂവരും. അടുത്തമാസം എം.ഡി.കോഴ്‌സിന് ചേരുന്നതിനു മുന്നോടിയായി വിനോദയാത്രപോയപ്പോഴാണ് അപകടം തേടിയെത്തിയത്.