കണ്ണീരണിഞ്ഞ് കേരളം

Posted on: 29 Apr 2015

കാണാതായ രണ്ടു മലയാളിഡോക്ടര്‍മാരും മരിച്ചു
മൃതദേഹം നേപ്പാളിലെ ആസ്പത്രിമോര്‍ച്ചറിയില്‍
ഇന്നു നാട്ടിലെത്തിച്ചേക്കും

കാഠ്മണ്ഡു/കണ്ണൂര്‍: ഭൂചലനം ദുരന്തംവിതച്ച നേപ്പാള്‍ മലയാളികള്‍ക്കും ഇനി കണ്ണീരോര്‍മ. ശനിയാഴ്ചമുതല്‍ കാണാതായ രണ്ടു മലയാളിഡോക്ടര്‍മാരും മരിച്ചതായി സ്ഥിരീകരിച്ചു. കാസര്‍േകാട് സ്വദേശി എ.എസ്. ഇര്‍ഷാദ് (25), കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസ് (25) എന്നിവരാണ് ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍പ്പെട്ടു മരിച്ചത്.

കാഠ്മണ്ഡുവിലുള്ള ആസ്പത്രിയിലെ േമാര്‍ച്ചറിയില്‍ ബന്ധുക്കളെത്തി ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ജൂലായ് 26-ന് വിവാഹിതനാകാനിരിക്കെയാണ് ഇര്‍ഷാദിന്റെ ജീവന്‍ മരണം കവര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ചയോടെ ഇവിടെയത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കവകുപ്പുമന്ത്രി കെ.സി. ജോസഫ് കേരളഹൗസില്‍ ക്യാമ്പുചെയ്യുന്നുണ്ട്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ദുരന്തനിവാരണസേന കണ്ടെത്തിയ ദീപക്കിന്റെയും ഇര്‍ഷാദിന്റെയും മൃതദേഹം തിങ്കളാഴ്ചയാണ് കാഠ്മണ്ഡുവിലെ ആസ്പത്രിയിലെത്തിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന േകാഴിക്കോട് വടകര സ്വദേശി ഡോ. അഭിന്‍ സൂരിയെ കഴിഞ്ഞദിവസം രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചിരുന്നു. സാരമായി പരിക്കേറ്റ അഭിന്‍നെ വിദഗ്ധചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന ദീപക്കും അഭിന്‍ സൂരിയും ഇര്‍ഷാദും 23-നാണ് നേപ്പാളിലേക്കു തിരിച്ചത്. ദുരന്തസമയത്ത് ടാമേല്‍ സ്ട്രീറ്റിലുള്ള ബജറ്റ് മള്‍ട്ടിപ്ലക്‌സ് ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിന്റെ ആറാംനിലയില്‍ക്കിടന്നുറങ്ങിയ അഭിന്‍ സൂരിയെ രക്ഷപ്പെടുത്താന്‍ തുണയായത് ന്യൂയോര്‍ക്ക് ടൈംസിലെ ഫോട്ടോഗ്രാഫര്‍ തോമസ് നൈബോയുടെ സാന്നിധ്യമാണ്. അഭിന്‍ സൂരിയെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന ഹോട്ടലവശിഷ്ടങ്ങളില്‍നിന്നു പുറത്തെടുക്കുന്ന നൈബോയുടെ ചിത്രം പത്രത്തിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍, ആസമയത്ത് ഹോട്ടല്‍ ഇടനാഴിയിലായിരുന്ന ഡോ. ദീപക്കും ഇര്‍ഷാദും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായും ഇരുവരും പ്രഥമശുശ്രൂഷയെടുത്തശേഷം ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജായതായുമാണ് ചികിത്സിച്ച ഡോ. കണ്ണന്‍ ഇന്ത്യന്‍ എംബസിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മൊഴികൊടുത്തിരുന്നത്. എന്നാല്‍, ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതായപ്പോള്‍ ദീപക്കിന്റെ ഭാര്യാസഹോദരന്‍ ലിജിന്‍ ജേക്കബ്ബുബും ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത്ത് അലിയും നേപ്പാളിലെത്തുകയായിരുന്നു. ദുബായിലായിരുന്ന ലിയാഖത്ത് അവിടെനിന്നാണ് കാഠ്മണ്ഡുവിലെത്തിയത്. ബെംഗളൂരുവഴി വിമാനത്തിലാണ് ലിജിന്‍ കാഠ്മണ്ഡുവിലെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2007-ല്‍ എം.ബി.ബി.എസ്സിനു ചേര്‍ന്നപ്പോള്‍മുതല്‍ ഉറ്റചങ്ങാതിമാരാണ് ദീപക്കും ഇര്‍ഷാദും അഭിനും. 2013-ല്‍ പഠനംകഴിഞ്ഞ് അഭിന്‍ സൂരിയും ഇര്‍ഷാദും മാനന്തവാടിയിലെ വയനാട് ജില്ലാ ആസ്പത്രിയിലാണ് ഡോക്ടര്‍മാരായി സേവനംതുടങ്ങിയത്. ദീപക് തോമസ് മാനന്തവാടി എടവക പ്രഥമികാരോഗ്യകേന്ദ്രത്തിലും.

മൂവര്‍ക്കും എം.ഡി.ക്ക് പ്രവേശനംകിട്ടിയിരുന്നു. മെയ് ഒന്നിനു ക്ലാസ് തുടങ്ങാനിരിക്കെ നേപ്പാളും കുളു മണാലിയും കാണാന്‍പോയതായിരുന്നു ഇവര്‍. വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന, കാസര്‍കോട് ആനബാഗിലുവില്‍ എ.എന്‍.ഷംസുദ്ദീന്റെയും എം.എ.ആസ്യയുടെയും മകനാണ് ഇര്‍ഷാദ്. കണ്ണൂര്‍ കേളകം സ്വദേശിയായ ഡോ. ദീപക് കളപ്പുരയ്ക്കലില്‍!! തോമസിന്റെയും മേരിയുടെയും മകനാണ്. വടകര പൂവാടന്‍ ഗേറ്റ് സൗപര്‍ണികയില്‍ പരേതനായ കെ.കെ. സുരേന്ദ്രന്റെയും മാനന്തവാടി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ അനിതകുമാരിയുടെയും മകനാണ് തലനാരിഴയ്ക്കു രക്ഷപ്പെട്ട അഭിന്‍. അതേസമയം, ദുബായില്‍നിന്നു നേപ്പാളിലേക്കുപോയ ആറംഗസംഘത്തിലെ മലയാളികള്‍ സുരക്ഷിതരാണെന്ന് കുടുംബങ്ങള്‍ക്കു വിവരം ലഭിച്ചു.




1
nepal

 

ga