ഒടുവില്‍ പ്രിയപ്പെട്ടവര്‍ തിരിച്ചറിഞ്ഞു; ദീപക് ഇനി വിളിക്കില്ല

Posted on: 29 Apr 2015


കേളകം: ദുരന്തഭൂമിയില്‍നിന്ന് പ്രതീക്ഷയോടെ ഓരോ വിളിയും കാതോര്‍ത്തിരുന്ന ഉറ്റബന്ധുക്കള്‍ അവസാനം ആ സത്യം തിരിച്ചറിഞ്ഞു; ഡോ. ദീപക് തോമസ് ഇനി വിളിക്കില്ല. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ ദീപക്കിന്റെയും സുഹൃത്തിന്റെയും മൃതദേഹം ദീപക്കിന്റെ സഹോദരീഭര്‍ത്താവ് ലിജിന്‍ ജേക്കബ്ബാണ് തിരിച്ചറിഞ്ഞത്.

ഏപ്രില്‍ 21-നായിരുന്നു കേളകം കുണ്ടേരിയിലെ തോമസ് കളപ്പുരയുടെ മകന്‍ ഡോ. ദീപക്കും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നേപ്പാളിലേക്ക് വിനോദയാത്ര പോയത്. സുഹൃത്തായ ഇര്‍ഷാദും ദുരന്തത്തില്‍ മരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ദീപക്കിന്റെയും സുഹൃത്തിന്റെയും മൃതദേഹം ആസ്പത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. വാര്‍ത്താവിനിമയ ബന്ധമില്ലാത്തതിനാലാണ് വിളിക്കാത്തതെന്നും ദീപക്കും സുഹൃത്തുക്കളും റെഡ് ക്രോസ് ക്യാമ്പില്‍ സുരക്ഷിതരാണെന്നുമായിരുന്നു തലേന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച വിശദീകരണം. തുടര്‍ന്ന് സഹോദരീഭര്‍ത്താവ് ലിജിന്‍ ജേക്കബ്ബും കുടുംബസുഹൃത്ത് പേരാവൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ. ജോസ് ജോസഫും െബംഗളൂരുവഴി വിമാനത്തില്‍ കാഠ്മണ്ഡുവിലേക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച രണ്ടുമണിയോടെ മലയാളിസമാജം പ്രവര്‍ത്തകരുടെ സഹായത്തോടെ ആസ്പത്രിയിലെത്തിയ രണ്ടുപേരും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരിലും മുറിവേറ്റ് അബോധാവസ്ഥയില്‍ കഴിയുന്നവരിലും രണ്ടുപേരെയും തിരഞ്ഞു. കാണാതെവന്നതോടെ തിങ്കളാഴ്ച ദുരന്തനിവാരണസേന കെട്ടിടങ്ങള്‍ക്ക് അടിയില്‍നിന്ന് മരിച്ചവരുടെ മൃതദേഹം കണ്ടെത്തി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി വിവരം ലഭിച്ചു. സഹോദരീഭര്‍ത്താവ് ലിജിന്‍ ത്രിഭുവന്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ നടത്തിയ പരിശോധനയിലാണ് മരണത്തിലും വേര്‍പിരിയാതെ സുഹൃത്തുക്കളായ ദീപക്കിന്റെ ഇര്‍ഷാദിന്റെയും മൃതദേഹം കണ്ടെത്തിയത്.

പഠനത്തിലും ആതുരസേവനത്തിലും മിടുമിടുക്കനായ ദീപക് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയാണ് മെഡിസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനംനേടിയത്. ഹൗസ് സര്‍ജന്‍സിക്കുശേഷം ഗ്രാമീണമേഖലയായ വയനാട്ടിലെ ഇടവക പി.എച്ച്.സി. തിരഞ്ഞെടുക്കുകയായിരുന്നു. അവധിദിനങ്ങളില്‍ വീട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പ്രദേശത്തെ നിര്‍ധനരുടെയും കിടപ്പുരോഗികളുടെയും വീടുകളിലെത്തി ചികിത്സിക്കുമായിരുന്നു. എം.ഡി.ക്ക് മൂവര്‍ക്കും പ്രവേശനം ലഭിച്ചിരുന്നു. മെയ് ഒന്നിന് ക്ലാസ് തുടങ്ങുന്നതിനുമുമ്പായി സംഘടിപ്പിച്ച വിനോദയാത്രയാണ് മരണത്തിലേക്കുള്ള യാത്രയായത്.

അഞ്ചാംക്ലാസ്വരെ മഞ്ഞളാംപുറം യു.പി. സ്‌കൂളില്‍ പഠിച്ച ദീപക്കിന്റെ തുടര്‍വിദ്യാഭ്യാസം ചെണ്ടയാട് നവോദയ വിദ്യാലയത്തിലായിരുന്നു.
ദീപക്കിന്റെ പിതാവ് തോമസ് കളപ്പുര കര്‍ഷകസമരങ്ങളുടെ മുന്‍നിരപ്പോരാളിയായിരുന്നു. ഇപ്പോള്‍ ഫയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ സംസ്ഥാന സെക്രട്ടറിയാണ്. മാതാവ് മോളി ഇരുപ്പക്കാട്ട് കുടുംബാംഗം. സഹോദരി ദിവ്യ. ദീപക്കിന്റെ മൃതദേഹം എംബാംചെയ്ത് ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയിലും തുടര്‍ന്ന് മംഗലാപുരത്തോ കോഴിക്കോട് വിമാനത്താവളത്തിലോ എത്തിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ് ഇടപെട്ടതിനെത്തുടര്‍ന്നാണ് നടപടി.




1
nepal

 

ga