ഡോ. ഇര്‍ഷാദ് ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ

Posted on: 29 Apr 2015

കാസര്‍കോട്: കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാവാനും മൊഞ്ചത്തിയുടെ കൈപിടിച്ച് പുതിയ ജീവിതം തുടങ്ങാനുമുള്ള ഒരുക്കത്തിലായിരുന്നു ഇര്‍ഷാദ്. ഇനി മൂന്നുമാസംകൂടി കാത്തിരുന്നാല്‍ പുതുമണവാളനായി എത്തുമായിരുന്നു... ആനബാഗിലുവിലെ വീട്ടില്‍ നക്ഷത്രദീപങ്ങള്‍ തെളിയുമായിരുന്നു... എന്നാല്‍ വിധി ആ മുഹൂര്‍ത്തങ്ങള്‍ക്കൊക്കെ വിലങ്ങിട്ടു. ഇര്‍ഷാദ് ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ.

ജൂലായ് 26-നാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന എ.എന്‍.ഷംസുദ്ദീന്റെയും എം.എ.ആസിയയുടെയും അഞ്ചുമക്കളില്‍ ഇളയവനായ ഇര്‍ഷാദിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വധു മുംബൈയില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തില്‍നിന്നാണ്. ഇര്‍ഷാദിനെപ്പോലെ ഡോക്ടര്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങ്. ഇര്‍ഷാദിന്റെ ഫെയ്‌സ്ബുക്ക് നിറയെ വിവാഹനിശ്ചയച്ചടങ്ങിന്റെ ചിത്രങ്ങളാണ്.

ഇര്‍ഷാദിനെ കാണാനില്ലെന്നത് കുടുംബം ആദ്യമറിഞ്ഞതും പ്രതിശ്രുതവധുവില്‍നിന്നാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ ഇര്‍ഷാദിന് പ്രവേശനപരീക്ഷയില്‍ എം.ഡി.ക്ക് അസം മെഡിക്കല്‍ കോളേജിലാണ് പ്രവേശനം ലഭിച്ചത്. ശിശുരോഗ വിദഗ്ധനാകണമെന്ന ആഗ്രഹത്തില്‍ പീഡിയാട്രിക്‌സാണ് സ്‌പെഷ്യലൈസേഷനായി എടുത്തത്. ക്ലാസ് തുടങ്ങാന്‍ വൈകുമെന്നതിനാല്‍ വീട്ടുകാരെ അറിയിക്കാതെ കൂട്ടുകാരായ അഭിന്‍ സൂരി, അനൂപ് തോമസ് എന്നിവര്‍ക്കൊപ്പം നേപ്പാള്‍ സന്ദര്‍ശനത്തിനുപോയതായിരുന്നു ഇര്‍ഷാദ്. നേപ്പാളിലെത്തിയപ്പോള്‍ പ്രതിശ്രുതവധുവിനെമാത്രം വിളിച്ചറിയിച്ചു- 'ഞാനിപ്പോള്‍ നേപ്പാളിലാണ്. തിരികെ വന്നിട്ട് വിശേഷങ്ങള്‍ പറയാം..'

ഭൂകമ്പം നടന്ന വാര്‍ത്തയറിഞ്ഞ് ഫോണ്‍ചെയ്ത് കിട്ടാതായതോടെയാണ് പ്രതിശ്രുതവധു ഇര്‍ഷാദിന്റെ വീട്ടിലേക്ക് വിളിച്ചത്. ഈ ഫോണ്‍കോളില്‍നിന്നാണ് ഇര്‍ഷാദ് നേപ്പാളില്‍ പോയിരിക്കുകയാണെന്ന് വിവരം വീട്ടുകാരറിയുന്നത്. തലയില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന പിതാവ് ഷംസുദ്ദീനെയും മാതാവ് ആസിയയെയും ഇക്കാര്യം അറിയിക്കാതെ നോക്കാന്‍ ശ്രദ്ധിക്കുകയായിരുന്നു മറ്റ് കുടുംബാംഗങ്ങള്‍. ഇര്‍ഷാദ് റെഡ്‌ക്രോസിന്റെ ക്യാമ്പിലുണ്ടെന്ന് ഇതിനിടെ വാര്‍ത്ത വന്നതോടെ കുടുംബത്തില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടം വീണിരുന്നു.

അന്വേഷണങ്ങള്‍ക്കൊടുവില്‍, അബുദാബിയില്‍ പെട്രോളിയം എന്‍ജിനിയറായ സഹോദരന്‍ ലിയാഖത്ത് അലി ദുബായില്‍നിന്ന് കാഠ്മണ്ഡുവിലെത്തിയാണ് അനുജന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. എ.എസ്.അസീസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സൗദി), ഡോ. എ.എസ്.സാദിഖ് (പ്രൊഫസര്‍, യേനപ്പോയ മെഡിക്കല്‍ കോളേജ്, മംഗലാപുരം), എ.എസ്.ആരിസ് (ബിസിനസ്, കാസര്‍കോട്) എന്നിവരാണ് മറ്റു സഹോദരങ്ങള്‍.




1
nepal

 

ga