കാഠ്മണ്ഡു: ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കും. 4356 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗികസ്ഥിരീകരണം. രാജ്യത്തിന്റെ പിന്നാക്കഗ്രാമങ്ങളിലെ കണക്കു കൂടി ലഭ്യമായാല്‍ മരണം പതിനായിരം കവിയുമെന്ന് കരുതുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി സുശില്‍ കൊയ്രാള പറഞ്ഞു.
7953 പേര്‍ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ 73 പേര്‍ക്കും ടിബറ്റില്‍ 25 പേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. നേപ്പാളില്‍ 14 ലക്ഷത്തോളം പേര്‍ക്ക് ഇതുവരേയും ഭക്ഷണമെത്തിക്കാനായിട്ടില്ലെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 39 ജില്ലകളിലെ 80 ലക്ഷത്തോളം പേരേയാണ് ദുരന്തംബാധിച്ചതെന്നാണ് യു.എന്‍. കണക്ക്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമിത്.
തിങ്കളാഴ്ച കാഠ്മണ്ഡുവിലും സമീപപ്രദേശങ്ങളിലും കനത്ത മഴപെയ്തത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇന്ത്യന്‍ ദുരന്തനിവാരണ സേനയുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും മഴ കുറഞ്ഞതോടെ പുനരാരംഭിച്ചു. ഭൂചലനത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തെരുവില്‍ കഴിച്ചുകൂട്ടിയ പതിനായിരങ്ങളുടെ ജീവിതം ഇതോെട ഒന്നുകൂടി ദുരിതത്തിലായി. തുടര്‍ചലനങ്ങള്‍ ഭയന്ന് വീടുള്ളവരില്‍ ഭൂരിഭാഗവും തുറസ്സായ സ്ഥലങ്ങളില്‍ത്തന്നെയാണ് കഴിയുന്നത്.