ഒടുവില്‍ അസഹ്‌റിന്റെ ശബ്ദമെത്തി, 'ഞങ്ങള്‍ സുരക്ഷിതരാണ്...'

Posted on: 29 Apr 2015

കാസര്‍കോട്: കാത്തിരിപ്പിനൊടുവില്‍ നേപ്പാളില്‍നിന്ന് അസഹ്‌റിന്റെ ശബ്ദമെത്തി... 'പേടിക്കേണ്ട, ഞാനും സുഹൃത്തുക്കളും സുരക്ഷിതരാണ്'. ഭൂചലനത്തിന്റെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ആശങ്കയുടെ നടുക്കടലിലായിരുന്ന കാസര്‍കോട് ദേളി സ്വദേശി അസ്ഹര്‍ അലിയുടെ കുടുംബം ആശ്വാസത്തിന്റെ തീരത്തേക്ക്...

ദേളി ഉലൂജി വീട്ടില്‍ അമ്മാനുള്ളയുടെ മകനും ദുബായില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അസ്ഹര്‍ അലിയും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ 24-നാണ് ദുബായില്‍നിന്ന് നേപ്പാളിലേക്ക് വിനോദയാത്ര പോയത്. ഭൂകമ്പത്തിനുശേഷം ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മംഗലാപുരത്ത് താമസിക്കുന്ന അസഹ്‌റിന്റെ സഹോദരന്‍ അസീസ് അലിയുടെ ഫോണിലേക്ക് നേപ്പാളില്‍നിന്ന് അസ്ഹറിന്റെ വിളി വന്നു. കണ്ണൂര്‍ സ്വദേശികളായ മസ്ഹര്‍ മൊഹിദീന്‍, ഹാദില്‍ ഹനീഫ്, കൊച്ചി സ്വദേശി തന്‍വീര്‍ റാവുത്തര്‍, മുംബൈ സ്വദേശിയായ സുനില്‍ ചന്ദ്രസെന്‍ ഗാന്ധി, ഹൈദരാബാദ് സ്വദേശി നിഹാദ് മൊയ്‌നുദ്ദീന്‍ ഖാന്‍ എന്നിവരാണ് അസഹ്‌റിനൊപ്പമുള്ളത്.

ഭൂചലനം ഉണ്ടാകുമ്പോള്‍ നേപ്പാളിലെ സിന്ദുപാല്‍ ചൗക്കിലെ ബങ്കിജമ്പിങ് നടത്തുന്ന സ്ഥലത്തായിരുന്നു ഇവര്‍. സംഭവത്തിനുശേഷം താമസിച്ചിരുന്ന റിസോര്‍ട്ടിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ കാഠ്മണ്ഡുവിലെത്തിയപ്പോഴാണ് ടെലിഫോണ്‍ സൗകര്യം ലഭിച്ചത്. ബാരബീച്ച് എന്ന സ്ഥലത്തുനിന്നാണ് തന്നെ വിളിച്ചതെന്ന് സഹോദരന്‍ അസീസ് അലി പറഞ്ഞു. ഇവരുടെ ഫോണുകളെല്ലാം ബാറ്ററിച്ചാര്‍ജ് തീര്‍ന്നതിനാലും നെറ്റ്വര്‍ക്ക് കിട്ടാത്തതിനാലുമാണ് ബന്ധപ്പെടാന്‍ കഴിയാതിരുന്നത്.

ഫോണ്‍ ചെയ്ത സ്ഥലത്തുതന്നെ നില്ക്കാന്‍ ആവശ്യപ്പെട്ട അസീസ് കുടുംബസുഹൃത്തുവഴി നേപ്പാള്‍ പോലീസ് ഐ.ജി.യെ ബന്ധപ്പെട്ട് ഇവര്‍ നില്ക്കുന്ന സ്ഥലത്തേക്ക് ബസ് എത്തിക്കുകയായിരുന്നു. ബസ്സില്‍ കാഠ്മണ്ഡുവിലെത്തിയശേഷം വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചതെന്ന് അസ്ഹറിന്റെ സഹോദരന്‍ പറഞ്ഞു.




1
nepal

 

ga