കൊച്ചി: ദുരന്തം അവര്‍ക്ക് മുന്നില്‍ വഴിമാറിയത് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിലാണ്. അല്പമൊന്ന് വൈകിയിരുന്നെങ്കിലെന്ന് ഓര്‍ക്കാന്‍ പോലും അശക്തരാണ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ സുവര്‍ണന്റെ നേതൃത്വത്തിലുള്ള യാത്രാ സംഘം.
''ഭാഗ്യത്തിന്റെ ബലത്തിലാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ ഭൂകമ്പമുണ്ടായ സമയത്ത് ഞങ്ങള്‍ ആ പ്രദേശങ്ങള്‍ പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. സമയം കണക്കാക്കിയാല്‍ വെറും ഒരു മണിക്കൂറിന്റെ വ്യത്യാസം''-യാത്രാ സംഘത്തെ നയിച്ച സുവര്‍ണന്‍ പറയുന്നു.
''യാത്രാവഴിയില്‍ പിന്നിട്ട ദേശീയ മ്യൂസിയവും ജനക്പുരിലെ ജാനകി ക്ഷേത്രവുമെല്ലാം ഭൂകമ്പത്തില്‍ തകര്‍ന്നതായി പിന്നീടറിഞ്ഞു. പൊഖ്‌റയില്‍ താമസിച്ച ഹോട്ടലിന്റെ ഒരു ഭാഗവും ഭൂകമ്പത്തില്‍ തകര്‍ന്നു''-സംഘത്തിലുണ്ടായിരുന്ന വടുതല മഠത്തിപ്പറമ്പില്‍ അശോക് കുമാറിന്റെ വാക്കുകള്‍.
കൊച്ചിയില്‍ നിന്ന് 58 അംഗ സംഘമാണ് ഈ മാസം 17 ന് നേപ്പാളിലേക്ക് തിരിച്ചത്. പൊഖ്‌റയും കാഠ്മണ്ഡുവുമെല്ലാം സന്ദര്‍ശിച്ചായിരുന്നു മടക്കം. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് നേപ്പാളില്‍ ഭൂകമ്പം ദുരന്തം വിതച്ചത്. ഈ സമയത്ത് കൊച്ചി സംഘം സുനൗലി പിന്നിട്ടിരുന്നു.
''കൊച്ചിയില്‍ നിന്ന് ബന്ധുക്കള്‍ ഫോണില്‍ വിളിച്ചപ്പോഴാണ് ഭൂകമ്പത്തെക്കുറിച്ച് അറിയുന്നത്. ജീവന്‍ രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞു. പക്ഷേ ഞങ്ങള്‍ കണ്ടതൊന്നും ഇനിയവിടെ ശേഷിക്കുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട് '' - മട്ടാഞ്ചേരി സ്വദേശിയായ ജി.പി. പ്രഭു പറഞ്ഞു.
ശനിയാഴ്ച രാത്രി ഗൊരഖ്പുരിലായിരുന്നു താമസം. അവിടെയുമുണ്ടായിരുന്നു ഭൂകമ്പ ഭീതി. രാത്രി ഒരു മണിയായപ്പോള്‍ എല്ലാവരും പുറത്തിറങ്ങി നില്‍ക്കാന്‍ ഹോട്ടലുകാര്‍ ആവശ്യപ്പെട്ടു. രണ്ടര വരെ പുറത്തിറങ്ങി നിന്നു.
ഞായറാഴ്ച രാവിലെ 6.35 ന് ഗൊരഖ്പുര്‍-തിരുവനന്തപുരം എക്‌സ്പ്രസിലാണ് കേരളത്തിലേക്ക് മടങ്ങിയത്. യാത്രയില്‍ ബുദ്ധിമുട്ടൊന്നും നേരിട്ടില്ലെങ്കിലും ട്രെയിനില്‍ ഏറെ കഷ്ടപ്പെട്ടെന്ന് സംഘത്തിലുണ്ടായിരുന്ന രജിത രമേഷ് പറഞ്ഞു. നേപ്പാളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ ട്രെയിനില്‍ ഏറെയുണ്ടായിരുന്നു. പക്ഷേ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല-രജിത പറഞ്ഞു.