മട്ടാഞ്ചേരി: ''തൊട്ടുമുന്നില്‍ കെട്ടിടം തകര്‍ന്നുവീഴുന്നതുകണ്ട് ഞങ്ങള്‍ ഓടി...ഭൂമി കുലുക്കിയെറിയുന്നതുപോലെ...പിന്നെ കണ്ട കാഴ്ചകളെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു'' നേപ്പാളിലെ ഭൂകമ്പദുരിതങ്ങളില്‍നിന്നും രക്ഷപ്പെട്ട് ബീഹാറിലെ വൈശാലിയിലെത്തിയ മട്ടാഞ്ചേരി സ്വദേശി കെ. പ്രഭാകരന്റേതാണ് വാക്കുകള്‍.
കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍നിന്ന് പ്രഭാകരനും കൂട്ടരും പുറത്തിറങ്ങുമ്പോഴാണ് ആദ്യ ഭൂചലനം. ക്ഷേത്രസമുച്ചയത്തിന്റെ പലഭാഗങ്ങളും തകര്‍ന്നുവീണു. സ്ത്രീകള്‍ കരഞ്ഞുകൊണ്ട് ഓടിയപ്പോഴാണ് ഭൂമികുലുക്കമാണെന്ന് മനസ്സിലായത്.
താമസിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോള്‍ അതും തകര്‍ന്ന നിലയിലായിരുന്നു. ഹോട്ടലില്‍നിന്ന് എല്ലാവരേയും പുറത്തിറക്കി. ക്ഷേത്രത്തിനടുത്തുള്ള െമെതാനത്ത് കൊടുംതണുപ്പില്‍ ഒരുരാത്രി കഴിയേണ്ടിവന്നതായി പ്രഭാകരന്‍ പറയുന്നു. തൊട്ടടുത്ത് ആസ്പത്രി തകര്‍ന്നുതുടങ്ങിയതിനാല്‍ രോഗികളെ പുറത്തേക്ക് മാറ്റി. ആസ്പത്രിവളപ്പിലാണ് രോഗികളെ കിടത്തുന്നത്. ഭൂകമ്പത്തില്‍ പരിക്കേറ്റവരെയും മരിച്ചവരെയുമൊക്കെ അവിടേക്ക് കൊണ്ടുവന്നു. കണ്ടുനില്‍ക്കാനാവാത്ത, ഹൃദയഭേദകമാണ് കാഴ്ചകള്‍.
ക്ഷേത്രത്തിനടുത്തുള്ള നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതും കണ്ടു. പല കെട്ടിടങ്ങളും ചരിഞ്ഞുനില്‍ക്കുകയാണ്. പൈതൃക നഗരിയിലെ ചരിത്രത്തിന്റെ ശേഷിപ്പുകളൊക്കെ തകര്‍ന്നു.
ഒരുരാത്രിയും പകലും ബസ്സില്‍ തുടര്‍ച്ചയായി യാത്രചെയ്താണ് വൈശാലിയിലെത്തിയത്.
മട്ടാഞ്ചേരി സ്വാശ്രയയുടെ സെക്രട്ടറിയായ പ്രഭാകരനും സംഘവും കഴിഞ്ഞ 17നാണ് കൊച്ചിയില്‍നിന്നും നേപ്പാളിലേക്ക് പോയത്. ഗൊരഖ്പൂര്‍ വഴിയായിരുന്നു യാത്ര.
കെട്ടിടത്തില്‍നിന്ന് പുറത്തേയ്ക്ക് ഓടുമ്പോള്‍, മറിഞ്ഞുവീണ് സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാലൊടിഞ്ഞു. പ്രഭാകരനും ചെറിയരീതിയില്‍ പരിക്കേറ്റു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നു. രണ്ടുദിവസം ബന്ധുക്കളെ വിളിക്കാന്‍കഴിഞ്ഞില്ല.
യാത്ര ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് സംഘം ഒരുവിധത്തില്‍ മടങ്ങുകയായിരുന്നു. വ്യാഴാഴ്ച ഇവര്‍ പാറ്റ്‌നയില്‍നിന്ന് തീവണ്ടിയില്‍ കയറും. നേപ്പാളില്‍നിന്ന് മടങ്ങിയ കുറെയധികം മലയാളികള്‍ ബീഹാറില്‍ എത്തിയിട്ടുണ്ടെന്ന് പ്രഭാകരന്‍ പറയുന്നു. പക്ഷെ, ഇവര്‍ക്കൊക്കെ കേരളത്തിലേക്ക് മടങ്ങുവാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല.
കാഠ്മണ്ഡുവില്‍ വിമാനത്താവളത്തില്‍ വലിയ തിരക്കായതിനാല്‍ വിമാനയാത്രയും നടക്കുന്നില്ല. മലയാളികള്‍ക്കായി പ്രത്യേക സംവിധാനമൊന്നുമുണ്ടായില്ലെന്നും പ്രഭാകരന്‍ പറയുന്നു.