നിറഞ്ഞുകവിഞ്ഞ് ആസ്പത്രികള്‍; ഒറ്റപ്പെട്ട് ചെറുപട്ടണങ്ങള്‍

Posted on: 28 Apr 2015


കാഠ്മണ്ഡു : പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞുകവിയുന്ന ആസ്പത്രികള്‍. തിരിച്ചറിയുംവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍പോലും അവിടെ ഇടമില്ല. വൈദ്യുതിയും ശുദ്ധജലവുമില്ലാത്തത് ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങളെയും രക്ഷാപ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിവിധ അന്താരാഷ്ട്രസംഘടനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. മരുന്നുകള്‍ക്കും ദൗര്‍ലഭ്യമുണ്ട്.

ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ ഉള്‍പ്രദേശങ്ങളിലേക്കും കാഠ്മണ്ഡു നഗരത്തിന്റെതന്നെ പലഭാഗങ്ങളിലേക്കും എത്തിപ്പെടാന്‍ കഴിയുന്നില്ല. മൊബൈല്‍ ശൃംഖല ഞായറാഴ്ച ഉച്ചയോടെ പൂര്‍വസ്ഥിതിയിലായെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല.
ഭൂകമ്പത്തില്‍ തകര്‍ന്ന ആസ്പത്രികളില്‍ നിന്നൊഴിപ്പിച്ചവര്‍ക്ക് തുറസ്സായ സ്ഥലത്താണ് ചികിത്സ നല്‍കുന്നത്.

വീടുകളും കെട്ടിടങ്ങളും തകര്‍ന്നതിനാലും തുടര്‍ചലനങ്ങള്‍ ഭയക്കുന്നതിനാലും ആളുകള്‍ തെരുവിലാണ് കഴിയുന്നത്. നേപ്പാള്‍ പ്രസിഡന്റ് രാം ബരന്‍ യാദവും തുറസ്സായസ്ഥലത്ത് കൂടാരത്തിലാണ് ശനിയാഴ്ച രാത്രി കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ ഓഫീസും വസതിയുമായിരുന്നിടത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് വലിയ വിള്ളലുകളുണ്ടായി. 150 കൊല്ലം മുമ്പ് പണിതതാണ് പ്രസിഡന്റിന്റെ ഓഫീസ്. പ്രധാമന്ത്രി സുശീല്‍ കൊയ്രാളയുടെ വീടിനും കാര്യമായ കേടുപറ്റി. ഭൂകമ്പം നടക്കുമ്പോള്‍ അദ്ദേഹം ഇന്‍ഡൊനീഷ്യയിലായിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ താറുമാറായി.




1
nepal

 

ga