കൊച്ചി: വെള്ളവും വെളിച്ചവുമില്ല. മണ്ണോട് ചേര്‍ന്ന് കെട്ടിടക്കൂമ്പാരം. എങ്ങും കരച്ചിലും ബഹളവും മാത്രം..... കൊച്ചിയില്‍ നിന്ന് നേപ്പാളിലെത്തിയ തീര്‍ത്ഥാടകസംഘത്തെ കാത്തിരുന്നത് ദുരന്തത്തിന്റെ നേര്‍ചിത്രം.
കൊച്ചിയിലെ ഭക്തിസേവാ സമാജത്തിന്റെ കീഴില്‍ 55 അംഗ സംഘമാണ് തീര്‍ത്ഥയാത്രയുടെ ഭാഗമായി നേപ്പാളിലെത്തിയത്.
ഭൂകമ്പത്തിന്റെ സമയത്ത് സംഘാംഗങ്ങളെല്ലാം പശുപതിനാഥ ക്ഷേത്രത്തിലായിരുന്നുവെന്നാണ് കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച വിവരം. ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം ഭൂകമ്പത്തില്‍ തകര്‍ന്നെങ്കിലും പശുപതിനാഥ് ക്ഷേത്രത്തെ ഭൂകമ്പം കാര്യമായി ബാധിച്ചില്ല.
ഭൂകമ്പത്തിന്റെ വാര്‍ത്ത ചാനലുകളില്‍ വന്ന് തുടങ്ങിയതോടെ കൊച്ചിയില്‍ ഇവരുടെ കുടുംബാംഗങ്ങളെല്ലാം ആശങ്കയിലായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാനുള്ള ശ്രമം വിജയം കണ്ടില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുരക്ഷിതരാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശം നേപ്പാളില്‍ നിന്നെത്തിയതെന്ന് സംഘത്തിലുള്ള ബാബു വിപിനചന്ദ്രന്റെ ഭാര്യ രതീദേവി പറഞ്ഞു.
'വെള്ളവും വെളിച്ചവുമില്ലാതെ അവര്‍ ഏറെ കഷ്ടപ്പെട്ടു. അവിടെ വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നു. കാഠ്മണ്ഡുവിലെ ബാലാജി ഹോട്ടലിലായിരുന്നു എല്ലാവര്‍ക്കും താമസം. യാത്രയ്ക്കിടെ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്ക് കാലിന് പരിക്കേറ്റതും ടെന്‍ഷന്‍ കൂട്ടി. ആദ്യം പുറത്തുവന്ന വാര്‍ത്തകളിലൊന്നും കൊച്ചിയില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘത്തെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ ഞങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അറിയിച്ചു. അവര്‍ നേപ്പാളില്‍ ബന്ധപ്പെട്ടു. സംഘത്തിലെല്ലാവരും സുരക്ഷിതരാണെന്നാണ് എംബസിയില്‍ നിന്ന് ലഭിച്ചിരിക്കുന്ന വിവരം' - രതീദേവി പറഞ്ഞു.
17നാണ് സംഘം കൊച്ചിയില്‍നിന്ന് പുറപ്പെട്ടത്. നേപ്പാളില്‍ പൊഖ്‌റയിലായിരുന്നു ആദ്യ സന്ദര്‍ശനം. ഇവിടെ നിന്നാണ് കാഠ്മണ്ഡുവിലേക്കെത്തിയത്. മെയ് രണ്ടിന് കൊച്ചിയില്‍ മടങ്ങിയെത്തുന്ന തരത്തിലായിരുന്നു യാത്ര. ഇതനുസരിച്ച് ട്രെയിനില്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.
കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, യാത്രക്കാരെ കൊണ്ട് വിമാനത്താവളം നിറഞ്ഞ വിവരത്തെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. സംഘാംഗങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.