അരുണും കുടുംബവും ഭൂകമ്പം കണ്ടു; രണ്ടായിരം അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന്‌

Posted on: 28 Apr 2015

കൊച്ചി: ശനിയാഴ്ച നേപ്പാള്‍ പിളര്‍ന്ന് തകരുന്നത് കൊച്ചിയില്‍ നിന്നുള്ള അരുണും കുടുംബവും രണ്ടായിരം അടി ഉയരത്തില്‍ നിന്ന് കണ്ടു. അവിടത്തെ പ്രശസ്തമായ മനകാമന ക്ഷേത്രം കണ്ട് കേബിള്‍ കാറില്‍ മടങ്ങുമ്പോഴാണ് ഭൂമി വിറയ്ക്കാന്‍ തുടങ്ങിയത്. കേബിളില്‍ തൂങ്ങി നീങ്ങുന്ന കാര്‍ നിശ്ചലമായി. താഴെ ഭൂവിടങ്ങള്‍ ഇടിയുന്നതും ജനം ചിതറിയോടുന്നതും കണ്ടു. അല്പസമയം കഴിഞ്ഞാണ് ഭൂകമ്പമാണെന്ന് തിരിച്ചറിഞ്ഞതെന്ന് അരുണ്‍ പറഞ്ഞു.

റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് അരുണും ഭാര്യ സൂര്യയും. അഞ്ച് വയസ്സുള്ള മകള്‍ ആരുഷിയും ഇവര്‍ക്കൊപ്പമുണ്ടായി.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ സംഘം കാഠ്മണ്ഡുവില്‍ നിന്ന് മുഗ്ലൂങ്ങിലേക്ക് പുറപ്പെട്ടത്. മുമ്പ് നിശ്ചയിച്ച പ്രകാരം ശനിയാഴ്ച ഇവര്‍ കാഠ്മണ്ഡുവില്‍ ഉണ്ടാകേണ്ടതായിരുന്നു. ഇടയ്ക്ക് യാത്രയില്‍ സമയം നഷ്ടപ്പെട്ടതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് തന്നെ കാഠ്മണ്ഡു കണ്ട് പിറ്റേന്ന് പുലര്‍ച്ചെ പൃഥ്വി ഹൈവേയിലൂടെ മനകാമന ക്ഷേത്രം കാണാന്‍ പോരുകയായിരുന്നു. കാഠ്മണ്ഡുവിലെ ഹോട്ടലില്‍ തങ്ങിയിരുന്നെങ്കില്‍ തങ്ങളും അപകടത്തില്‍ പെട്ടേനെയെന്ന് അരുണ്‍ പറഞ്ഞു.

മനകാമന ക്ഷേത്രപരിസരത്ത് കാഠ്മണ്ഡുവിലേതുപോലെ നാശനഷ്ടമില്ല. റോഡ് മാര്‍ഗം നാലായിരം അടിയിലേറെ ഉയരമുള്ള ക്ഷേത്രത്തിലെത്തി മടങ്ങാന്‍ ഒരു ദിവസം പിടിക്കും. കമ്പിയിലൂടെ ഊര്‍ന്നുപോകുന്ന കേബിള്‍ കാറില്‍ 20 മിനിട്ട് കൊണ്ട് അവിടെയെത്താം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ സ്റ്റേഷനിലെത്താന്‍ അല്പദൂരം മാത്രമുള്ളപ്പോഴായിരുന്നു ഭൂകമ്പം. വൈദ്യുതി ബന്ധം തകര്‍ന്നതോടെ കേബിള്‍ കാര്‍ നിശ്ചലമായി. കമ്പിയിലൂടെ തള്ളിനീക്കി കേബിള്‍ കമ്പനി ജീവനക്കാര്‍ പിന്നീട് ഇവരെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
അങ്കമാലി സ്റ്റേഷന്‍മാസ്റ്റര്‍ സുനില്‍ കുമാര്‍, കൊല്ലത്തുനിന്നുള്ള ലോക്കോ പൈലറ്റ് ശിവകുമാര്‍ എന്നിവരും കുടുംബസമേതം ഇവര്‍ക്കൊപ്പമുണ്ടായി. ഭൂകമ്പത്തിന് തൊട്ടുമുമ്പ് ഇവരുടെ കേബിള്‍കാറുകള്‍ സ്റ്റേഷനിലെത്തിയിരുന്നു.

ഭൂകമ്പത്തിനുശേഷം റോഡ്മാര്‍ഗം ടെമ്പോ ട്രാവലറില്‍ ഇവര്‍ ഗൊരഖ്പൂരിലേക്ക് രാത്രി തന്നെ എത്തി. ഞായറാഴ്ച കാലത്ത് ഗൊരഖ്പൂരില്‍ നിന്നുള്ള രപ്തി സാഗറില്‍ ഇവര്‍ കേരളത്തിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച നാട്ടിലെത്തും. ആലുവ സ്റ്റേഷനില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് അരുണ്‍. ഭാര്യ സൂര്യ എറണാകുളം സൗത്തിലും. കലൂര്‍ ജഡ്ജസ് അവന്യൂവിലാണ് താമസം.




1
nepal

 

ga