രക്ഷപ്പെട്ടത് വിശ്വസിക്കാനാവാതെ മലയാളിസംഘം

Posted on: 28 Apr 2015

ന്യൂഡല്‍ഹി: ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ടോ. നേപ്പാളിലെ ഭൂകമ്പത്തില്‍നിന്ന് രക്ഷപ്പെട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടും അവര്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇടിഞ്ഞുവീഴാന്‍ പോകുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് ഒരുവിധം രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തിയ മലയാളികള്‍ക്ക് നടുക്കം വിട്ടുമാറിയില്ല. നടക്കുമ്പോള്‍ മറിഞ്ഞുവീഴുന്നു, കെട്ടിടത്തില്‍ ആകെ ഇരുട്ട്, എവിടെനിന്നൊക്കെയോ മുറിക്കുള്ളിലേക്ക് വെള്ളം ശക്തിയായി ഒഴുകുന്നു... ഒടുവില്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയത് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥ.

ഞായറാഴ്ച രാവിലെയും വൈകിട്ടുമായി 38 മലയാളികളാണ് നേപ്പാളില്‍നിന്ന് ഡല്‍ഹി കേരള ഹൗസിലെത്തിയത്. പുലര്‍ച്ചെ എത്തിയ 30 പേരില്‍ 28 പേരും കോഴിക്കോട് സ്വദേശികളായ ബാങ്ക് ജീവനക്കാരാണ്. ബാങ്ക് മെന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനായി യാത്രതിരിച്ച 72 പേരില്‍ ഉള്‍പ്പെടുന്നവരാണിവര്‍. ബാക്കി 42 പേര്‍ ശനിയാഴ്ച രാവിലെതന്നെ നേപ്പാളില്‍നിന്ന് മടങ്ങിയതിനാല്‍ ദുരിതം അനുഭവിക്കാതെ രക്ഷപ്പെട്ടു.

നേപ്പാളിലേക്കുപോയ അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമും ഡല്‍ഹിയില്‍ തിരിച്ചെത്തി. താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കാനായി അവരുടെതന്നെ കാന്റീനിലെത്തിയപ്പോഴാണ് ഭൂചലനമുണ്ടായതെന്ന് കോഴിക്കോട് കനറാ ബാങ്കില്‍ ജോലിചെയ്യുന്ന സനീഷ് പറഞ്ഞു. ഭക്ഷണം കഴിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കെട്ടിടം നല്ലവണ്ണം കുലുങ്ങിയതോടെ എല്ലാവരും പുറത്തേക്കിറങ്ങി. ബാക്കിയെല്ലാം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് വൈകിട്ട് മൂന്നരവരെ മൈതാനത്ത് പോയിരുന്നു. പിന്നീട്, ഭൂകമ്പത്തില്‍ ഭാഗികമായി പൊളിഞ്ഞ ഹോട്ടലില്‍ തങ്ങളുടെ പാസ്‌പോര്‍ട്ടും ബാഗുകളും മറ്റും എടുക്കാന്‍ കയറി. അപ്പോഴാകട്ടെ വൈദ്യുതിബന്ധവും നഷ്ടപ്പെട്ടിരുന്നു. എങ്ങും ഇരുട്ടായിരുന്നു. ഒരുവിധം തങ്ങളുടെ മുറിയില്‍ കയറി സാധനങ്ങളെടുത്ത് പുറത്തിറങ്ങുകയായിരുന്നുവെന്ന് സനീഷ് പറഞ്ഞു.

ഒടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ വ്യോമസേനാ വിമാനത്തിലാണ് ഇവരുടെ സംഘം എത്തിയത്. ഇതില്‍ കുറച്ചുപേര്‍ ഞായറാഴ്ച നാട്ടിലേക്ക് പോയി. ബാക്കിയുള്ളവര്‍ തിങ്കളാഴ്ച നാട്ടിലേക്ക് വിമാനംകയറും. വൈകിട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലെത്തിയ വ്യോമസേനാ വിമാനത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് മലയാളികള്‍കൂടി എത്തിച്ചേര്‍ന്നു. ഇതില്‍ നാലുപേര്‍ ഡല്‍ഹിയില്‍ താമസിക്കുന്നവരാണ്. ബെംഗളൂരുവില്‍ താമസിക്കുന്ന രണ്ട് മലയാളികള്‍ ഞായറാഴ്ച വൈകിട്ട് അവിടേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ കേരള ഹൗസില്‍ താമസിക്കുന്നുണ്ട്.

നേപ്പാള്‍ ഭൂകമ്പബാധിതരെ സഹായിക്കുതിനായി ഡല്‍ഹി കേരള ഹൗസില്‍ കട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 011 30411 411, ഇ മെയില്‍--rckerala@gmail.com.




1
nepal

 

ga